മുംബൈ: പൊതുവഴിയിൽ കാർ നിർത്തിയിട്ട് ജന്മദിനം ആഘോഷിക്കുകയും എയർഗൺ ഉപയോഗിച്ച് വെടിയുതിർത്ത് പരിഭ്രാന്തി പരത്തുകയും ചെയ്ത സംഭവത്തിൽ 10 പേരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു.
മുംബൈയിലെ ബോറിവലിയിലെ ഗൊരായ് 2 മേഖലയിൽ റോഡിനു നടുവിലാണ് യുവാക്കളുടെ സംഘം ജന്മദിനാഘോഷം സംഘടിപ്പിച്ചത്. ഓഗസ്റ്റ് 5ന് അർധരാത്രിയോടെ ഗൊരായ് 2 വിലെ ഘർകുൽ കോ ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റിക്ക് സമീപം കാർ നിർത്തിയിട്ടായിരുന്നു ആഘോഷം. കാറിന്റെ ബോണറ്റിനു മുകളിൽ നിരവധി കേക്കുകൾ വച്ചാണ് ജന്മദിനം ആഘോഷിച്ച യുവാവ് അത് മുറിച്ചത്. ഈ സമയം ഇയാളുടെ സുഹൃത്തുക്കൾ ഉച്ചത്തിൽ ബഹളം വയ്ക്കുകയും റോഡിൽ വലിയ രീതിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.
റോഡിനു നടുവിലെ ഒത്തുകൂടൽ പ്രദേശത്ത് വലിയ ഗതാഗതക്കുരുക്കിനു കാരണമായി. അർധരാത്രിയിലെ ഉച്ചത്തിലുള്ള ബഹളം പ്രദേശവാസികളുടെ സമാധാന അന്തരീക്ഷം തകർത്തെങ്കിലും ഇതൊന്നും ആഘോഷ തിമിർപ്പിലായിരുന്ന സംഘം ഗൗനിച്ചില്ല. ഇതിനിടയിലാണ് സംഘത്തിലൊരാൾ കയ്യിലുണ്ടായിരുന്ന എയർഗൺ ഉപയോഗിച്ച് വെടിയുതിർത്തത്. ബോറിവലി പൊലീസിന്റെ വിവരമനുസരിച്ച്, ജതിൻ ശർമ എന്ന യുവാവാണ് എയർഗൺ ആഘോഷ സ്ഥലത്ത് എത്തിച്ചത്. വിജേഷ് ഉപാധ്യായ എന്നയാളാണ് ഇത് ഉപയോഗിച്ച് വെടിയുതിർത്തത്. പെല്ലറ്റുകൾ തെറിക്കുന്ന ഈ തോക്കിൽ നിന്നുള്ള വെടിയൊച്ച പ്രദേശത്ത് വലിയ പരിഭ്രാന്തി പരത്തി.
സംഭവത്തിൽ ആകാശ് ഗുപ്ത, ജതിൻ ശർമ, വിജേഷ് ഉപാധ്യായ എന്നിവരുൾപ്പെടെ പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാരതീയ ന്യായ സംഹിത, മോട്ടോർ വാഹന നിയമം, മഹാരാഷ്ട്ര പൊലീസ് ആക്ട്, ക്രിമിനൽ ലോ ഭേദഗതി നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
