ട്രോളി ബാഗിൽ രക്തവും ദുർഗന്ധവും; എക്‌സ്പ്രസ്സിൽ മനുഷ്യശരീരഭാഗങ്ങൾ വെട്ടി നുറുക്കിയ നിലയിൽ

News Desk
1 Min Read

ആ​ഗ്ര: തമിഴ്‌നാട് എക്‌സ്പ്രസ്സിലെ ജനറൽ കോച്ചിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ചുവന്ന ട്രോളി ബാഗിൽ അഴുകിയ നിലയിൽ മനുഷ്യശരീരഭാഗങ്ങൾ. ആഗ്ര കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിൽ എത്തിയ തമിഴ്നാട് എക്സ്പ്രസിന്റെ ജനറൽ കംപാർട്ട്മെന്റിലാണ് ബാ​ഗ് കണ്ടെത്തിയത്.

ട്രെയിൻ ഗ്വാളിയോർ പിന്നിട്ട് ആഗ്ര കന്റോൺമെന്റിലേക്ക് അടുക്കുമ്പോഴാണ് ജനറൽ കോച്ചിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടന്ന പെട്ടിയിൽ നിന്ന് രക്തം വാർന്ന് ദുർഗന്ധം വമിക്കുന്നത് യാത്രക്കാരന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഇയാൾ റെയിൽവേ ഹെൽപ്പ് ലൈനിൽ വിവരമറിയിച്ചു. തുടർന്ന് ബുധനാഴ്ച രാവിലെ 5:30-ഓടെ ട്രെയിൻ ആഗ്ര കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ജിആർപി, ആർപിഎഫ് ഉദ്യോഗസ്ഥർ പെട്ടി തുറന്നു പരിശോധിച്ചു.

പരിശോധനയിൽ അഴുകി കറുത്ത നിറത്തിലായ കൈയും ഉടലിന്റെ ഒരു ഭാഗവും ബാ​ഗിൽ നിന്നും കണ്ടെത്തി. ബാഗിനുള്ളിൽ നിന്നും, ശരീരഭാഗങ്ങൾ പൊതിയാൻ ഉപയോഗിച്ച കവറിൽ ചെന്നൈയിലെ ഒരു സ്ഥാപനത്തിന്റെ ലോഗോയും പേരും കണ്ടെത്തി. മറ്റെവിടെയെങ്കിലും വച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി ബാഗിലാക്കി ട്രെയിനിൽ ഉപേക്ഷിക്കാൻ ശ്രമിച്ചതാണെന്നാണ് പൊലീസിന്റെ സംശയം.

പ്രതികളെ കണ്ടെത്താൻ ജിആർപി സംഘം ചെന്നൈയിലേക്ക് തിരിച്ചു. ചെന്നൈയ്ക്കും ആഗ്രയ്ക്കുമിടയിലുള്ള റെയിൽവേ സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങൾ, കാണാതായ ആളുകളുടെ വിവരങ്ങൾ, ഡിഎൻഎ പരിശോധന എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതിയെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article