ന്യൂഡല്‍ഹി: കാട്ടാക്കടയിലെ 15കാരന്‍ ആദിശേഖറിന്റെ കൊലപാതകത്തില്‍ പ്രതി പ്രിയരഞ്ജന്റെ ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിച്ച് സുപ്രീംകോടതി. പ്രിയരഞ്ജന് കോടതി ജാമ്യം അനുവദിച്ചു. ശിക്ഷ വിധിച്ച വിചാരണക്കോടതി വിധിയില്‍ പിഴവുണ്ടെന്നാണ് സുപ്രിംകോടതിയുടെ നിരീക്ഷണം.
ആദിശേഖറിനെ കൊല്ലാനുള്ള ഉദ്ദേശം പ്രതിക്ക് ഇല്ലായിരുന്നു എന്നാണ് വിചാരണക്കോടതി നിരീക്ഷിച്ചിരുന്നത്. ഈ നിരീക്ഷണം ഉണ്ടായിട്ടും ജീവപര്യന്തം ശിക്ഷ വിധിച്ചതിലെ പൊരുത്തക്കേട് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ശിക്ഷാ വിധി മരവിപ്പിച്ചത്.ആദിശേഖറിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.
പൂവച്ചല്‍ സ്വദേശിയായ പത്താം ക്ലാസുകാരനായിരുന്ന ആദിശേഖറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രിയരജ്ഞന് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. പിഴത്തുക കുട്ടിയുടെ മാതാപിതാക്കള്‍ക്ക് നല്‍കാനും കോടതി നിര്‍ദേശിച്ചു. 2023ലായിരുന്നു സംഭവം. ക്ഷേത്രത്തിന്റെ മതിലില്‍ പ്രതി പ്രിയരഞ്ജന്‍ മൂത്രമൊഴിച്ചത് കുട്ടി ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ മകനെ കൊലപ്പെടുത്തിയതാണെന്ന് ആദിശേഖറിന്റെ മാതാപിതാക്കള്‍ പോലീസില്‍ മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തിയത്.
പ്രോസിക്യൂഷന്‍ ഹാജരാക്കിയ 30 സാക്ഷികളുടെയും 43 രേഖകളുടെയും 11 തൊണ്ടിമുതലുകളുടെയും അടിസ്ഥാനത്തിലായിരുന്നു കോടതി വിധി. കൊലപാതകം നടന്ന സ്ഥലത്തുനിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായക തെളിവായത്. തുറന്ന കോടതിയില്‍ വീഡിയോ പ്രദര്‍ശിപ്പിച്ച് തെളിവെടുത്തിരുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
