കോഴിക്കോട്: മഴ ശക്തിയായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. കോഴിക്കോട്, എറണാകുളം, തൃശൂർ, കണ്ണൂർ, കോട്ടയം, പത്തനംതിട്ട, കാസർകോട്, ആലപ്പുഴ, ഇടുക്കി, വയനാട് ജില്ലകൾക്കാണ് ബുധനാഴ്ച (ഓഗസ്റ്റ് 5) അവധി പ്രഖ്യാപിച്ചത്.
കേരള സർവകലാശാല ബുധനാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും (തിയറി, പ്രാക്ടിക്കൽ, വൈവവോസി ഉൾപ്പെടെ) മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്. കേരള സർവകലാശാല പഠന വകുപ്പുകളിലെ പരീക്ഷകൾക്ക് മാറ്റമില്ല.
ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടായിരിക്കും. തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്നും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ വ്യാഴാഴ്ചയും യെലോ അലർട്ട് പ്രഖ്യാപിച്ചു.
അതേസമയം, മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 27 ആയി. നാലു പേരെ കാണാതായി. 418 ക്യാംപുകളിലായി 18,434 ആളുകളുണ്ട്. 52 വീടുകൾ പൂർണമായും 555 വീടുകൾ ഭാഗികമായും തകർന്നു. കോട്ടയത്താണ് കൂടുതൽ പേർ മരിച്ചത്. 5 മരണം ജില്ലയിൽ റിപ്പോർട്ടു ചെയ്തു.
കാലാവസ്ഥാ മുന്നറിയിപ്പ് നല്കുന്നതില് വീഴ്ചയുണ്ടെങ്കില്‍ അത് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കുഴപ്പമാണെന്ന് റവന്യുമന്ത്രി എ.പി. അനില്‍കുമാര്‍. കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്കുന്ന അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുക മാത്രമാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്തം. സംസ്ഥാന സര്‍ക്കാരിന് സ്വന്തം നിലയില്‍ മുന്നറിയിപ്പ് നല്കാന് കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് വരും ദിവസങ്ങളിൽ ജില്ലയിൽ ശക്തമായ മഴ മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ വയനാട് ജില്ലയിലേക്കും ജില്ലയ്ക്ക് പുറത്തേക്കും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് അത്യാവശ്യമല്ലാത്ത അന്തർ സംസ്ഥാന യാത്രകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.
അന്തർ സംസ്ഥാനത്ത് നിന്നും ജില്ലയിലേക്കു വരുന്ന വാഹനങ്ങൾക്കും മറ്റ് ഹെവി വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തണമെന്ന് നീലഗിരി ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടതായും കലക്ടർ അറിയിച്ചു. വയനാട്ടിലെ കാലാവസ്ഥ മെച്ചപ്പെടുന്നത് വരെ നിയന്ത്രണം തുടരാൻ പൊലീസ്, മോട്ടർ വാഹന വകുപ്പുകൾക്ക് നിർദേശം നൽകി.
കോഴിക്കോട് ജില്ലയിലെ മലയോര- തീരദേശ മേഖലകളിലും മറ്റും ശക്തമായ മഴ തുടരുന്നതിനാലും ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിലും ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഒഴികെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്റസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കും അവധി ബാധകമാണ്. നേരത്തെ നിശ്ചയിച്ച പരീക്ഷകൾ, ഓൺലൈൻ ക്ലാസുകൾ എന്നിവക്ക് അവധി ബാധകമല്ല.
ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും, ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.
ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുന്ന സാഹചര്യത്തിലും ചില താലൂക്കുകളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി, തൃശ്ശൂർ ജില്ലയിലെ അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, നഴ്സറികള്‍, കേന്ദ്രീയവിദ്യാലയങ്ങള്‍, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍, പ്രഫഷണല്‍ കോളേജുകള്‍, ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച (05.08.2026) ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും, ഇന്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
