നാല് വർഷത്തിനിടയിൽ 30 ലധികം ഭീകരര്‍ കൊല്ലപ്പെട്ടു; വധിച്ചത് ഇന്ത്യന്‍ ഏജന്‍സികളെന്ന് ലഷ്ഖർ – ഇ-ത്വയ്ബ

News Desk
1 Min Read

ഇസ്ലാമാബാദ്: പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ലഷ്ഖർ ഇ ത്വയ്ബയിലെ കമാൻഡറുടെ വെളിപ്പെടുത്തലുകൾ ഇപ്പോൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കുകയാണ്.

ലഷ്ഖർ ഇ ത്വയ്ബ ഭീകരരുടെ മരണവുമായി ബന്ധപ്പെട്ട് ലഷ്ഖർ ഇ ത്വയ്ബ കമാൻഡർ റിസ്വാൻ ഹനീഫാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. അടുത്ത കാലങ്ങളിലായി ഇന്ത്യൻ ഇന്റലിജെൻസ് ഏജന്റുമാരിൽ നിന്ന് നേരിട്ട തിരിച്ചടികളുടെ ഒരു കുറ്റസമ്മതമായിട്ടാണ് സംഭവത്തെ വിലയിരുത്തുന്നത്.

നാല് വർഷത്തിനിടയിൽ തങ്ങളുടെ മുപ്പതിലധികം പ്രവർത്തകരെ ഇന്ത്യൻ ഏജൻസികൾ വധിച്ചുവെന്ന് ലഷ്ഖർ ഇ ത്വയ്ബ വ്യക്തമാക്കി. അജ്ഞാത തോക്കുധാരികളെ ഉപയോ​ഗിച്ച് ഇന്ത്യൻ ഏജൻസികളാണ് കൊലപാതകങ്ങൾ നടത്തിയതെന്ന് ലഷ്ഖർ ഇ ത്വയ്ബ കമാൻഡർ കൂടിയായ റിസ്വാൻ ഹനീഫ് ആരോപിച്ചു. ഒരു വീഡിയോയിലൂടെയായിരുന്നു വെളിപ്പെടുത്തൽ. പാകിസ്ഥാനിലെ പ്രധാന ന​ഗരങ്ങളായ പെഷവാർ, കറാച്ചി, റാവൽപിണ്ടി, റാവൽക്കോട്ട്, മുസഫരാബാദ് എന്നിവിടങ്ങളിൽവെച്ചാണ് ഭീകരർ കൊല്ലപ്പെട്ടതെന്ന് വീഡിയോയിൽ ആരോപിക്കുന്നു.

മതവിദ്വേഷം കുത്തിനിറയ്ക്കാൻ ശ്രമിക്കുന്ന തരത്തിലാണ് ഭീകരൻ ആരോപണങ്ങളുന്നയിച്ചിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, ഈ ആരോപണങ്ങളെയെല്ലാം ഇന്ത്യ നിഷേധിച്ചു. പാക് അധിനിവേശ കശ്മീരിൽ തങ്ങളുടെ പ്രവർത്തകർക്ക് ജീവിക്കാൻ സാധിക്കുന്നില്ലെന്നും ഇന്ത്യൻ ഏജന്റുകൾ തങ്ങളുടെ ആളുകളെ വധിക്കുകയാണെന്നും ഹനീഫ് അവകാശപ്പെട്ടു. വിദ്വേഷകരവും പ്രകോപനപരവുമായ പരാമർശങ്ങളും വീഡിയോയിൽ ഇയാൾ നടത്തിയിട്ടുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article