വിവാഹാഭ്യർഥന നിരസിച്ചു: വിദ്യാർഥിനിയെ നടുറോഡിൽ കുത്തിക്കൊന്നു; പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പിതാവ്

News Desk
1 Min Read

അമ്മാൻ: വിവാഹാഭ്യർഥന നിരസിച്ചതിലുള്ള പകയെ തുടർന്ന് യൂണിവേഴ്‌സിറ്റി വിദ്യാർഥിനിയെ യുവാവ് നടുറോഡിൽ കുത്തിക്കൊന്നു. ജോർദാൻ സയൻസ് ആൻഡ് ടെക്‌നോളജി സർവകലാശാലയിലെ വിദ്യാർഥിനിയായ നൂർ ബർഗൽ ആണ് കൊല്ലപ്പെട്ടത്. നാടിനെയാകെ നടുക്കിയ സംഭവം ജോർദാൻ തലസ്ഥാനമായ അമ്മാനിലെ പ്രിൻസ് ഹസ്സൻ മേഖലയിലാണ് നടന്നത്.

യാസിർ അല്ലഹാം എന്ന യുവാവാണ് നൂറിനുനേരെ ആക്രമണം നടത്തിയത്. റോഡിലൂടെ നടന്നുപോവുകയായിരുന്ന നൂറിനെ പ്രതി അപ്രതീക്ഷിതമായി കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗുരുതരമായി കുത്തേറ്റ നൂറിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും വഴിമധ്യേ മരണത്തിന് കീഴടങ്ങി.

പൊലീസിന്റെ പ്രാഥമിക ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. വിവാഹാഭ്യർഥന നിരസിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി വ്യക്തമാക്കിയതായിട്ടാണ് റിപ്പോർട്ട്.

അതേസമയം, അതിക്രൂരമായ കുറ്റകൃത്യം ചെയ്ത മകനെ തള്ളിപ്പറഞ്ഞ് പ്രതിയുടെ പിതാവ് രംഗത്തെത്തി. കൊല്ലപ്പെട്ട നൂർ തന്റെ മകളുടെ അടുത്ത കൂട്ടുകാരിയാണെന്നും, മകന് കോടതി വധശിക്ഷ തന്നെ ഉറപ്പാക്കണമെന്നും പിതാവ് പരസ്യമായി ആവശ്യപ്പെട്ടു. പ്രതി ഉൾപ്പെടുന്ന ‘ലുദ്ദ്’ ഗോത്രത്തിലെ പ്രമുഖരും നേതാക്കളും സംഭവത്തെ രൂക്ഷമായി അപലപിച്ചു. പ്രതിയുടെ പ്രവൃത്തി ഗോത്രത്തിന്റെ മൂല്യങ്ങൾക്കും സാമൂഹിക ആചാരങ്ങൾക്കും പൂർണമായും വിരുദ്ധമാണെന്ന് വ്യക്തമാക്കിയ ഗോത്രനേതാക്കൾ, ഇയാൾക്ക് വധശിക്ഷ നൽകണമെന്ന് പൊലീസിനോടും ജുഡീഷ്യറിയോടും ആവശ്യപ്പെട്ടു.

ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത്X/dasoqie123 ൽ നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article