കുവൈത്ത് സിറ്റി: വടക്കന്‍ കുവൈത്തില്‍ അമേരിക്കന്‍ സൈനിക താവളത്തിന് സമീപം നിരവധി സ്‌ഫോടനങ്ങളും വന്‍ തീപിടിത്തവും റിപ്പോര്‍ട്ട് ചെയ്തു. കുവൈത്തിലെ പ്രധാന യു.എസ് സൈനിക കേന്ദ്രങ്ങളിലൊന്നായ ക്യാംപ് ദോഹ (അല്‍ ദോഹ) ലക്ഷ്യമിട്ട് ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. എന്നാല്‍ സംഭവത്തില്‍ കുവൈത്ത്, അമേരിക്കന്‍ അധികൃതരുടെ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല.
അമേരിക്കന്‍ സൈനിക കേന്ദ്രത്തിന് നേരെ കുറഞ്ഞത് മൂന്ന് ഡ്രോണുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് സംഭവത്തെക്കുറിച്ച് അറിവുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇറാന്‍ ഔദ്യോഗിക മാധ്യമമായ തസ്‌നീം ന്യൂസ് ഏജന്‍സിയും കുവൈത്തിലെ അമേരിക്കന്‍ സൈനിക കേന്ദ്രത്തിന് നേരെ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ട് ചെയ്തു. കുവൈത്തിന്റെ മധ്യഭാഗത്ത് വലിയ തീപിടിത്തമുണ്ടായതായും മറ്റ് ഇറാന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
വടക്കന്‍ കുവൈത്തില്‍ സ്‌ഫോടനശബ്ദങ്ങള്‍ കേട്ടതായി പ്രാദേശിക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. സംഭവസ്ഥലത്തുനിന്നുള്ളതായി പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ ദൂരത്തുനിന്നും കാണാവുന്ന തരത്തില്‍ കനത്ത തീയും പുകപടലങ്ങളും ഉയരുന്നത് കാണാമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌ഫോടനശബ്ദങ്ങള്‍ കുവൈത്തിനോട് അതിര്‍ത്തി പങ്കിടുന്ന ഇറാഖിലെ ബസ്‌റ പ്രവിശ്യയിലും കേട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
അതിനിടെ, കുവൈത്തിന്റെ വ്യോമപ്രതിരോധ സംവിധാനം ഡ്രോണുകളെ നേരിടാന്‍ സജീവമായതായി പ്രാദേശിക റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ എത്ര ഡ്രോണുകളാണ് എത്തിയതെന്നോ അവയെ പ്രതിരോധ സംവിധാനങ്ങള്‍ തടഞ്ഞോ നശിപ്പിച്ചോ എന്നതിനെക്കുറിച്ച് ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
സംഭവത്തില്‍ ആളപായമോ സൈനിക കേന്ദ്രങ്ങള്‍ക്കുണ്ടായ നാശനഷ്ടമോ സംബന്ധിച്ച വിവരങ്ങളും നിലവില്‍ ലഭ്യമല്ല.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
