പെയ്തത് അതിതീവ്ര മഴ; മേഘവിസ്‌ഫോടനത്തിന് സമാനം

News Desk
1 Min Read

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തുണ്ടായത് പ്രതീക്ഷിച്ചതിലും പലമടങ്ങ് മഴ. ഓഗസ്റ്റ് ഒന്നിന് അവസാനിച്ച 24 മണിക്കൂറില്‍ സംസ്ഥാനത്തെ വിവിധ മഴമാപിനി കേന്ദ്രങ്ങളില്‍ രേഖപ്പെടുത്തിയത് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന മഴപെയ്ത്തുകളില്‍ ഒന്നാണ്. പത്തനംതിട്ടയിലെ വടശ്ശേരിക്കരയില്‍ 24 മണിക്കൂറിനുള്ളില്‍ 361 മില്ലീമീറ്ററും ളാഹയില്‍ 250 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി. 

കോഴിക്കോട്ടെ ആനക്കാംപൊയിലില്‍ തുടര്‍ച്ചയായ 35 മണിക്കൂറിനുള്ളില്‍ 340 മില്ലീമീറ്റര്‍ മഴയാണ് പെയ്തിറങ്ങിയത്. വെള്ളി, ശനി ദിവസങ്ങളിലായി 40.3 മില്ലീമീറ്റര്‍ മഴയായിരുന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രതീക്ഷിച്ചതെങ്കില്‍ ലഭിച്ചത് 139 മില്ലീമീറ്ററാണ്. അതായത് മൂന്നിരിട്ടയിലധികം അധിക മഴ. പത്തനംതിട്ടയില്‍ ഇത് അഞ്ചിരട്ടിയോളമുണ്ടായി. ഒരേസമയം വ്യാപകമായി മഴ ലഭിച്ചതാണ് സംസ്ഥാനത്തുടനീളം മിന്നല്‍ പ്രളയത്തിന് കാരണമായത്. 

സംസ്ഥാനത്ത് ഔദ്യോഗികമായി മേഘവിസ്‌ഫോടനം നടന്നിട്ടില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍. എന്നാല്‍ ഒറ്റദിവസം കൊണ്ട് 360 മില്ലീമീറ്ററിലധികം മഴ പെയ്തിറങ്ങിയത് മേഘവിസ്‌ഫോടനത്തിന് സമാനമായ അവസ്ഥയാണ് സൃഷ്ടിച്ചത്. 
ഇതാണ് വലിയ മലവെള്ളപ്പാച്ചിലിനും ഉരുള്‍പൊട്ടലിനും കാരണമായതായാണ് കണക്കുകൂട്ടല്‍.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article