‘നാട് മുങ്ങുമ്പോൾ മുഖ്യമന്ത്രിയുടെ വിരുന്ന്’; വി.ഡി സതീശന്‍ പൊന്നാനിയില്‍ വിരുന്നില്‍ പങ്കെടുത്തതില്‍ വിമര്‍ശനം

News Desk
1 Min Read

മലപ്പുറം: സംസ്ഥാനം മഴക്കെടുതിയിൽ രൂക്ഷ പ്രതിസന്ധി നേരിടുമ്പോൾ മുഖ്യമന്ത്രി വി ഡി സതീശന്‍ പൊന്നാനിയില്‍ മുസ്ലീം ലീഗ് നേതാവിന്‍റെ വിരുന്നില്‍ പങ്കെടുത്തതില്‍ വിമര്‍ശനം. മുസ്‌ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഫൈസല്‍ ബഫാഖി തങ്ങളുടെ പൊന്നാനിയിലെ വീട്ടിൽ വിഡി സതീശൻ ഉച്ചഭക്ഷണത്തിനെത്തിയതും സൽക്കാരത്തിന്‍റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വലിയ വിമർശനം ഉയരുന്നത്. ഫൈസല്‍ ബാഫഖി തങ്ങള്‍ തന്നെയാണ് മുഖ്യമന്ത്രി വീട്ടില്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ തന്‍റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചത്. വീഡിയോക്ക് താഴെ നിരവധി പേരാണ് മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

ഇതിന് പിന്നാലെ പ്രതിപക്ഷവും മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തി. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് എല്ലാ പരിപാടികളും ക്യാൻസൽ ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ ദുരിതാശ്വാസ പ്രവ‍ർത്തനങ്ങൾ ഏകോപിപ്പിച്ചുവെന്നും എന്നാൽ ജനം രൂക്ഷമായ മഴക്കെടുതിയിൽ ദുരിതം പേറുമ്പോൾ വിഡി സതീശൻ വിരുന്നുണ്ട് നടക്കുകയാമെന്നുമാണ് വിമ‍ർശനം.

‘അന്ന്: മുഖ്യമന്ത്രി മുൻ നിശ്ചയിച്ച പരിപാടികളെല്ലാം ക്യാൻസൽ ചെയ്തു. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനത്തിന് നേരിട്ട് നേതൃത്വം നൽകുന്നു. മന്ത്രിമാരോട് അവർക്ക് ചുമതലയുള്ള ജില്ലകളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ നിർദ്ദേശം നൽകി. ഇന്ന് : ആ ലെഗ് പീസ് ഇങ്ങെടുക്ക്’ എന്നാണ് സ്ഥിതിയെന്ന് സിപിഎം നേതാവും മുൻ എംഎൽഎയുമായ വികെ പ്രശാന്ത് പരിഹസിച്ചു.

എംപിയും ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്‍റുമായ എഎ റഹിമും വിഡി സതീശനെതിരെ രൂക്ഷ വിമ‍ർശനവുമായി രംഗത്തെത്തി. സത്യത്തിൽ മുഖ്യമന്ത്രിയുടെ വീഡിയോ അദ്യം വിശ്വസിക്കാനായില്ല. വിവിധ ജില്ലകൾ വെള്ളത്തിലായി മനുഷ്യ‍ർ ആശങ്കയിലായിരിക്കുമ്പോൾ മുഖ്യമന്ത്രി ഈ ഔചിത്യമില്ലായ്മ കാണിക്കുമെന്ന് കരുതിയില്ല, ഇങ്ങനെ സ്വകാര്യ വിരുന്നുണ്ണാൻ പോകുമെന്ന് വിചാരിച്ചില്ല- എഎ റഹീം പറഞ്ഞു.

മുൻ മാതൃകകൾ അങ്ങനെയല്ല. ഉദ്യോഗസ്ഥ‍ർക്കും ജനങ്ങൾക്കും വേണ്ട ആത്മവിശ്വാസം പകരേണ്ട സമയമാണ്. ആയിരക്കണക്കിന് കുടുംബങ്ങൾ പ്രളയത്തിന്റെ ദുരിതത്തിൽ കഴിയുന്ന ഈ സമയത്ത്, ജനങ്ങൾ പ്രതീക്ഷിച്ചത് നേതൃത്വം, ഇടപെടൽ, ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനം എന്നതൊക്കെയാണ്. പ്രതിസന്ധിയുടെ വേളയിൽ സൽക്കാരങ്ങളല്ല, ഉത്തരവാദിത്തമാണ് മുഖ്യമന്ത്രിയുടെ മുൻഗണനയാകേണ്ടത്തെന്നും റഹീം പറഞ്ഞു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article