കേന്ദ്ര-സംസ്ഥാന ഏജൻസികളുടെ കൈകോർക്കൽ; ഒരുവർഷത്തിനിടെ പിടിച്ചത് 1300 കോടിയുടെ ലഹരി മരുന്ന്

News Desk
2 Min Read

കൊച്ചി: കേരളത്തിലെ കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജൻസികളുടെ സഹകരണം വഴിതെളിച്ചത് 1300 കോടിയുടെ മയക്കുമരുന്നു വേട്ടയ്ക്ക്. കഴിഞ്ഞ ഒരുവർഷത്തിനിടെയാണ് ഈ ഓപ്പറേഷനുകൾ നടന്നത്. വിദേശത്തേക്ക് കടത്താൻ ശ്രമിച്ച ആയിരം കോടിരൂപയുടെ ലഹരിഗുളികകൾ സെൻട്രൽ ബ്യൂറോ ഓഫ് നർകോട്ടിക് ഡൽഹിയിൽ പിടികൂടിയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. കൊച്ചി ഹെഡ്ക്വാർട്ടേഴ്‌സ് കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റാണ് ഈ കേസിലെ പ്രതികളായ രണ്ടു മലയാളികളെ കേരളത്തിൽനിന്ന് പിടികൂടാൻ സഹായിച്ചത്.

കൊച്ചി ഹെഡ്ക്വാർട്ടേഴ്‌സ് കസ്റ്റംസ് പ്രിവന്റീവ്, ഡി.ആർ.ഐ., എൻ.സി.ബി., മലപ്പുറം ഡാൻസാഫ്, പോലീസ് എ.ടി.എസ്. എന്നീ ഏജൻസികൾ വിവരം കൈമാറാൻ തുടങ്ങിയതോടെ ഡൽഹി, ബെംഗളൂരു വിമാനത്താവളങ്ങളിൽനിന്ന്‌ എൻ.സി.ബി.യും കസ്റ്റംസും ലഹരി പിടികൂടുന്ന സംഭവങ്ങളുണ്ടായി. കേന്ദ്ര-സംസ്ഥാന ഏജൻസികൾ തമ്മിൽ രഹസ്യവിവരം കൈമാറിയുള്ള സഹകരണം പൊതുവിൽ കുറവാണ്. ആ അവസ്ഥയ്ക്കാണിപ്പോൾ മാറ്റം വന്നുതുടങ്ങിയത്.

കൊച്ചി കസ്റ്റംസ് പ്രിവന്റീവ് നൽകിയ വിവരത്തെത്തുടർന്ന് ബെംഗളൂരു വിമാനത്താവളത്തിൽനിന്ന് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ 21 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടിച്ചിരുന്നു. ഇതിന് 21 കോടി രൂപ വിലമതിക്കും.

മലപ്പുറം ഡാൻസാഫ്, കൊച്ചി കസ്റ്റംസ് പ്രിവന്റീവിന് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡൽഹി വിമാനത്താവളത്തിൽനിന്ന് എൻ.സി.ബി. 10 കോടി രൂപ വിലമതിക്കുന്ന 10 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടിച്ചു. മലപ്പുറം ഡാൻസാഫിൽനിന്ന് കൊച്ചി കസ്റ്റംസ് ഹെഡ്ക്വാർട്ടേഴ്‌സിന് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുംബൈ വിമാനത്താവളത്തിൽനിന്ന് അഞ്ചുകോടി രൂപ വിലവരുന്ന അഞ്ചുകിലോ ഹൈബ്രിഡ് കഞ്ചാവ് ഡി.ആർ.ഐ. പിടികൂടി.

കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ ഡോ. ടി. ടിജുവിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് ആദ്യമായി കൊച്ചി വിമാനത്താവളത്തിൽനിന്ന് ദുബായിലേക്ക് പോകുന്ന യാത്രക്കാരനിൽനിന്ന് ആറ് കിലോ ഹൈബ്രിഡ് കഞ്ചാവ് പിടിച്ചു. കൊച്ചി വിമാനത്താവളത്തിൽ ഡി.ആർ.ഐ. നൂറ് കോടി രൂപയുടെ കൊക്കൈൻ പിടിച്ചതും സമാനമായ സംഭവങ്ങളിലൊന്നാണ്.

മയക്കുമരുന്നുമായി പിടിയിലാകുന്ന മലയാളികളുടെ എണ്ണം കൂടുന്നതായാണ് അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. ബെംഗളൂരു വിമാനത്താവളത്തിൽ മാത്രം നാൽപ്പതോളം മലയാളികൾ മയക്കുമരുന്നുമായി പിടിയിലായിരുന്നു. ഡൽഹി, മുംബൈ, ഭുവനേശ്വർ വിമാനത്താവളങ്ങളിലും മലയാളികൾ അറസ്റ്റിലായ സംഭവങ്ങളുണ്ട്.

രാജ്യത്തേക്ക് ഹൈബ്രിഡ് കഞ്ചാവ് എത്തുന്നത് കൂടിവരുകയാണ്. ഹൈബ്രിഡ് കഞ്ചാവിൽ ലഹരി നൽകുന്ന ടെട്ര ഹൈബ്രിഡ് കന്നാബിനോൾ (ടി.എച്ച്.സി.) ഘടകത്തിന്റെ അളവ് വളരെ കൂടുതലാണ്. എംഡിഎംഎ, മെത്താഫെറ്റമിൻ പോലുള്ളവ രാസലഹരിയായതിനാൽ അവ ഉപയോഗിക്കാൻ പേടിക്കുന്നവരാണ് ഹൈബ്രിഡ് കഞ്ചാവിലേക്ക് തിരിയുന്നത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article