കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന് സുപ്രീം കോടതിയുടെ ക്ലീന്‍ ചിറ്റ്. കേസില്‍ സിബിഐ നല്‍കിയ ക്ലോഷര്‍ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. കേസില്‍ ആറാം പ്രതിയായിരുന്നു മന്‍മോഹന്‍ സിങ്. മരിച്ച് രണ്ടു വര്‍ഷത്തിനിപ്പുറമാണ് കേസില്‍ അദ്ദേഹത്തിന് ക്ലീന്‍ ചിറ്റ് ലഭിക്കുന്നത്.
ഒഡീഷയിലെ താലാബീര കല്‍ക്കരിപ്പാടം സ്വകാര്യ കമ്പനിക്ക് അനുവദിച്ച കേസിലാണ് മന്‍മോഹന്‍ സിങ് കുറ്റവിമുക്തനാകുന്നത്. മന്‍മോഹന്‍ സിങ്ങും മറ്റു അഞ്ചു പേരും വിചാരണ നേരിടണമെന്ന 2015ലെ സിബിഐ പ്രത്യേക കോടതി ഉത്തരവാണ് സുപ്രീം കോടതി റദ്ദാക്കിയത്. മന്‍മോഹന്‍ സിങ്ങിനെ വിചാരണ ചെയ്യാനാവശ്യമായ തെളിവില്ല എന്ന സിബിഐ കണ്ടെത്തല്‍ അംഗീകരിക്കാന്‍ സിബിഐ കോടതി വിസമ്മതിച്ചതിനെത്തുടര്‍ന്നായിരുന്നു നിയമപോരാട്ടം.
മന്‍മോഹന്‍ സിങ്ങിന്റെ മരണത്തോടെ അപ്പീല്‍ സാങ്കേതികമായി ഫലശൂന്യമാണെങ്കിലും, വിചാരണ കോടതിയുടെ പരാമര്‍ശങ്ങളില്‍ സുപ്രീം കോടതി ഇടപെടല്‍ ആവശ്യമാണെന്നായിരുന്നു മുന്‍ പ്രധാനമന്ത്രിക്കായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിന്റെ വാദം. ഡോ. മന്‍മോഹന്‍ സിങ്ങുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്നും കപില്‍ സിബല്‍ അറിയിച്ചു. അതേസമയം, ചില വ്യവസ്ഥകളുടെ ഗുണദോഷങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് സിബിഐക്കായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍.എസ്. ചീമ ചൂണ്ടിക്കാട്ടി. എന്നാല്‍, മന്‍മോഹന്‍ സിങ്ങുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളെങ്കിലും ഒഴിവാക്കാമെന്നായിരുന്നു മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്‌വിയുടെ വാദം.
മന്‍മോഹന്‍ സിങ്ങിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ക്ലോഷര്‍ റിപ്പോര്‍ട്ട് സിബിഐ സമര്‍പ്പിച്ചിട്ടും, സിബിഐ പ്രത്യേക കോടതി ജഡ്ജി മുന്‍ പ്രധാനമന്ത്രി ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ, അഴിമതി വിരുദ്ധ നിയമ പ്രകാരം കേസെടുത്തിരുന്നതായി ബെഞ്ച് നിരീക്ഷിച്ചു. മന്‍മോഹന്‍ സിങ്ങിന്റെ മരണത്തോടെ, അപ്പീല്‍ ഫലശൂന്യമായതായി കണക്കാക്കി തീര്‍പ്പാക്കാമായിരുന്നെങ്കിലും, പ്രത്യേക കോടതി അദ്ദേഹത്തെ വിളിച്ചുവരുത്താനുള്ള തീരുമാനത്തിന്റെ അന്തസത്ത പരിശോധിക്കേണ്ടിയിരുന്നു. സിബിഐയുടെ ക്ലോഷര്‍ റിപ്പോര്‍ട്ടിനൊപ്പം അക്കാര്യവും പരിശോധിച്ചു.
അന്വേഷണ ഏജന്‍സിയുടെ ക്ലോഷര്‍ റിപ്പോര്‍ട്ട് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട തത്വങ്ങളില്‍ പ്രത്യേക ജഡ്ജിന് വീഴ്ച സംഭവിച്ചു. സാധുവായ കാരണങ്ങളില്ലാതെയാണ് സിബിഐയുടെ ക്ലോഷര്‍ റിപ്പോര്‍ട്ട് പ്രത്യേക കോടതി ജഡ്ജി തള്ളിയത്. അപ്പീല്‍ പരിഗണിച്ചുകൊണ്ട്, പ്രത്യേക ജഡ്ജിയുടെ ഉത്തരവ് റദ്ദാക്കുകയും, സിബിഐയുടെ ക്ലോഷര്‍ റിപ്പോര്‍ട്ട് അംഗീകരിക്കുകയും ചെയ്തുകൊണ്ട് കേസ് അവസാനിപ്പിക്കുന്നുവെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
