ആർക്കാഷോൺ: ഫ്രാൻസിലും സ്പെയിനിലും കാട്ടുതീ പടരുന്നു. ഇതുവരെ രണ്ട് ലക്ഷത്തിലധികം പേർ പലായനം ചെയ്തതായി അധികൃതർ വ്യക്തമാക്കി. തീ നിയന്ത്രണാതീതമായതോടെ മധ്യ സ്പെയിനിലെയും മാഡ്രിഡിനും ബോർഡോയ്ക്കും സമീപമുള്ള പട്ടണങ്ങളിൽ നിന്നും ജനങ്ങൾ കൂട്ടമായി പലായനം ചെയ്തു. സ്‌പെയിനിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഉയർന്ന താപനിലയും കാലാവസ്ഥാ വ്യതിയാനവുമാണ് തീപിടിത്തത്തിന്റെ കാരണം. തീ നിയന്ത്രണാതീതമായി പടരുന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. ഇരു രാജ്യങ്ങളിലുമായി നിരവധി അഗ്നിശമന സേന പ്രവർത്തകർ ദിവസങ്ങളായി ശ്രമിച്ചിട്ടും തീയണയ്ക്കാൻ സാധിച്ചിട്ടില്ല.
ഫ്രാൻസിലെ ഗിറോണ്ടെ, ലാൻഡെസ് പ്രദേശങ്ങളിൽ നിന്ന് 141,000 പേർ വീടുകൾ വിട്ട് പലായനം ചെയ്തതായി ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മധ്യ സ്പെയിനിൽ 60,000 പേർ പലായനം ചെയ്തതായി സ്പാനിഷ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിരവധി അഗ്നിശമന സേനാംഗങ്ങൾക്ക് പരിക്കേറ്റതായി അധികൃതർ പറഞ്ഞു. ഇരു രാജ്യങ്ങളിലും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതുവരെ കാട്ടുതീയിൽ ഫ്രാൻസിൽ മാത്രം 25000 ഏക്കർ കത്തിയമർന്നു. 24700 ഏക്കറാണ് സ്പെയിനിൽ നശിച്ചത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
