- അയൽക്കാരനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നയാളാണ് വരൻ. ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാക്കപ്പെട്ടയാളാണ് വധു .
ജോധ്പുർ: കാപ്പ കേസിൽ പ്രതിയാക്കപ്പെട്ട തിരുവനന്തപുരം കോർപറേഷനിലെ കൗൺസിലർ വിയ്യൂർ ജയിലിൽ വച്ച് ദിവസങ്ങൾക്ക് മുൻപാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്. ഇതുപോലെ അസാധാരണമായ സംഭവത്തിനു സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ് രാജസ്ഥാനിലെ മണ്ടോർ തുറന്ന ജയിൽ. സത്യപ്രതിജ്ഞയല്ല പകരം വിവാഹമാണ് ഇവിടെ നടക്കുക. വരനും വധുവും ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നവരും. രാജസ്ഥാൻ ഹൈക്കോടതിയുടെ ഉത്തരവോടെയാണ് ജയിൽ വിവാഹ വേദിയായി മാറുന്നത്.
അയൽക്കാരനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നയാളാണ് മുള റാമാണ് വരൻ. അതേസമയം ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാക്കപ്പെട്ട സീമ ഗഡ്സെയാണ് വധു. ഇവർ ഇപ്പോൾ 40 ദിവസത്തെ പരോളിൽ ജയിലിനു പുറത്താണ്. ഈ മാസം 22ന് ഇവരുടെയും വിവാഹം നടക്കുമെന്നാണ് റിപ്പോർട്ടുകൾ. ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ കണക്കിലെടുത്താണ് കോടതി ഇരുവരുടേയും വിവാഹം നടത്താൻ അനുമതി നൽകിയത്.
മണ്ടോർ തുറന്ന ജയിലിൽ കൃഷിപ്പണിക്കിടെയാണ് ഇരുവരും തമ്മിൽ പരിചയപ്പെട്ടതും പ്രണയിച്ചതും. തുടർന്ന് ഇരുവരും വിവാഹിതരാവാൻ തീരുമാനിക്കുകയും മുള റാമിന്റെ അഭിഭാഷകൻ കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയിൽ സർക്കാർ അഭിഭാഷകനും വിവാഹത്തിനു അനുകൂലമായിട്ടുള്ള നിലപാടാണ് സ്വീകരിച്ചത്.
ജയിലിലെ വിവാഹത്തിനു പുരോഹിതനും ഒപ്പം 21 പേർക്കും പങ്കെടുക്കാനുള്ള അനുമതി കോടതി നൽകി. ചടങ്ങിന്റെ ചെലവ് വരനാണ് വഹിക്കേണ്ടത്. കർഷക കുടുംബത്തിൽ നിന്നുള്ളയാളാണ് മുള റാം. പിതാവുമായി ശത്രുതയുള്ള അയൽക്കാരനെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് 2 വർഷമായി ശിക്ഷ അനുഭവിക്കുന്നത്. അതേസമയം, മഹാരാഷ്ട്ര സ്വദേശിയായ സീമ ഭർത്താവിനെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് ശിക്ഷ അനുഭവിക്കുന്നത്. 2016ൽ വിവാഹിതയായി രണ്ട് മാസം കഴിഞ്ഞപ്പോഴാണ് ഉറങ്ങിക്കിടന്ന ഭർത്താവിനെ സീമ കൊലപ്പെടുത്തിയത്. 2019നാണ് സീമയ്ക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
