സൂററ്റ്: നിർമ്മിതബുദ്ധി സങ്കേതങ്ങൾ ഉപയോഗിച്ച് സോഷ്യൽ മീഡിയ വഴി രാജ്യത്താകമാനം 64 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയ സൈബർ ശൃംഖലയെ സൂററ്റ് സിറ്റി സൈബർ ക്രൈം സെൽ തകർത്തു.
സംഘത്തിലെ മാസ്റ്റർമൈൻഡ് ആയി ആറിയപ്പെടുന്ന രോഹിത് വീരേന്ദ്രസിംഗ് ശാക്യ (18) അറസ്റ്റിലായി. പ്ലസ് വൺ പഠനം ഉപേക്ഷിച്ച രോഹിത് ശാക്യ ബാങ്കുകളുടെയും സർക്കാർ സംവിധാനങ്ങളുടെയും വ്യാജ മൊബൈൽ ആപ്ലിക്കേഷനുകൾ നിർമ്മിച്ചു നൽകിയാണ് തട്ടിപ്പുകൾക്ക് വഴിയൊരുക്കിയത്. ഉത്തർപ്രദേശിലെ കാൺപൂരിലുള്ള ഹോട്ടലിൽ നിന്നാണ് ഈ കൗമാരക്കാരനെ പൊലീസ് പിടികൂടിയത്.
പതിനൊന്നാം ക്ലാസിൽ വെച്ച് പഠനം ഉപേക്ഷിച്ചതാണ്. 16-ാം വയസോടെ രോഹിത് സ്വയം പഠനത്തിലൂടെ ഒരു വിദഗ്ദ്ധ കോഡറായി മാറി. എഐ ടൂളുകളുടെയും ടെലിഗ്രാം ചാനലുകളുടെയും സഹായത്തോടെ പ്രമുഖ ബാങ്കുകൾ, റേഷൻ സംവിധാനങ്ങൾ, ആർടിഒ ചെല്ലാൻ പോർട്ടലുകൾ എന്നിവയുമായി സാമ്യമുള്ള വ്യാജ ആപ്പുകൾ എളുപ്പം നിര്‍മ്മിച്ചു.
തട്ടിപ്പ് നടത്താൻ ഇയാൾ ഒരു പ്രത്യേക രീതിയാണ് ഉപയോഗിച്ചിരുന്നത്. ഉപഭോക്താക്കൾ ഇൻസ്റ്റാൾ ചെയ്യുന്ന “വിക്ടിം ആപ്പും” (Victim App), തട്ടിപ്പുകാർക്ക് തത്സമയം ഒടിപി, ബാങ്ക് വിവരങ്ങൾ എന്നിവ ചോർത്താൻ സഹായിക്കുന്ന “അഡ്മിൻ ആപ്പും” (Admin App). സംവിധാനം ചെയ്തു.
ജാംതാര, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിലെ തട്ടിപ്പ് സംഘങ്ങൾക്ക് മാസം 15,000 രൂപ നിരക്കിൽ ഈ ആപ്പുകൾ വാടകയ്ക്ക് നൽകുകയും കൃത്യമായ അപ്ഡേറ്റുകൾ നൽകുകയും ചെയ്തുപോന്നു. തട്ടിപ്പ് സംഘങ്ങളുമായി നേരിട്ട് ബന്ധപ്പെടാതെ ഓൺലൈനായി തന്നെ തന്റെ കാശ് പിരിവുകളും ഇടപാടുകളും നടത്തി.
എസ്ബിഐ, പിഎൻബി, ഐസിഐസിഐ, ആക്സിസ് ബാങ്ക്, യുസിഒ ബാങ്ക്, യൂണിയൻ ബാങ്ക് തുടങ്ങിയ പ്രമുഖ ബാങ്കുകൾ, ആധാർ സേവനങ്ങൾ, പിഎം കിസാൻ, ആർടിഒ ചെല്ലാൻ അടയ്ക്കൽ പോർട്ടലുകൾ, ബിഗ് ബാസ്കറ്റ് തുടങ്ങിയ പ്രമുഖ സേവനങ്ങളുടെ പേരിലാണ് വ്യാജ ആപ്പുകൾ നിർമ്മിച്ചിരുന്നത്. ഇതിൽ ഏറ്റവും കൂടുതൽ തട്ടിപ്പുകൾ നടന്നത് വ്യാജ ആർടിഒ ചെല്ലാൻ ആപ്പുകൾ വഴിയാണ്.
മേയ് മാസത്തിൽ സൂററ്റ് സ്വദേശിയായ ഒരാൾക്ക് വാട്സ്ആപ്പിൽ ‘PNB One.apk’ എന്ന പേരിൽ ഒരു വ്യാജ എപികെ ലഭിച്ചതാണ് കേസിലേക്ക് എത്തിച്ചത്. ബാങ്കിന്റെ ഔദ്യോഗിക ആപ്പാണെന്ന് തെറ്റിദ്ധരിച്ച് ഇത് ഇൻസ്റ്റാൾ ചെയ്തതോടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 5 ലക്ഷം രൂപ നഷ്ടപ്പെട്ടു. തുടർന്ന് ഇയാൾ സൈബർ ഹെൽപ്പ് ലൈനിൽ പരാതി നൽകുകയും സൂററ്റ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കയും ചെയ്തു.
……
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
