ഹൈദരാബാദ്: തെലങ്കാനയിൽ കോഴി ഫാമിനുള്ളിൽ ലഹരിമരുന്ന് നിർമിക്കുന്ന ലാബ് കണ്ടെത്തി. രാസലഹരി വസ്തുക്കൾ നിർമിക്കുന്ന ഉറവിടമാണ് ലഹരിമരുന്ന് വിരുദ്ധ നടപടികൾക്കായി നിയോഗിക്കപ്പെട്ട ഈഗിൾഫോഴ്സ് കണ്ടെത്തിയത്. അണ്ണാസാഗർ വില്ലേജിൽ പ്രവർത്തിച്ചിരുന്ന ലക്ഷ്മി നരസിംഹ കോഴിഫാമിലാണ് ലഹരിമരുന്ന് നിർമിക്കുന്ന ലാബ് പ്രവർത്തിച്ചിരുന്നത്.
പുറത്തുനിന്നും നോക്കുമ്പോൾ കോഴിഫാമായി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് വലിയ സംവിധാനങ്ങൾ ഒരുക്കി രാസലഹരി നിർമിക്കാനുള്ള ലാബ് പ്രവർത്തിച്ചിരുന്നത്. റെയ്‍ഡിൽ 20 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന ഒരു കിലോഗ്രാം ലഹരി വസ്തുക്കൾ പിടിച്ചെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് 4 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അറസ്റ്റിലായവരിൽ ജയ പ്രകാശ് ഗൗഡ് എന്നയാൾ മുൻപും പലവട്ടം ലഹരി വ്യാപാരത്തിനു പിടിയിലായിട്ടുണ്ട്. മുൻപ് സ്കൂളിനുള്ളിൽ വച്ച് രാസലഹരി നിർമിച്ചതിനും ഇയാൾ പിടിയിലായിട്ടുണ്ട്. ഈ കേസിൽ പരോളിലിറങ്ങിയ ശേഷമാണ് കോഴിഫാമിനുള്ളിൽ ലഹരിമരുന്ന് നിർമിക്കാൻ ആരംഭിച്ചത്.
കോഴിഫാമിൽ നിർമിച്ചിരുന്ന അൽപ്രസോലം എന്ന ലഹരി വസ്തു കള്ളിനു വീര്യം കൂട്ടുന്നതിനായി ഷാപ്പുടമകൾക്ക് ഇയാൾ വിതരണം ചെയ്തിരുന്നു. പ്രദേശത്തെ ഒരു റേഷൻ വ്യാപാരിയുടെ സ്ഥലത്താണ് കോഴിഫാം നിർമിച്ചത്. ഇയാൾക്കും സംഭവത്തിൽ ബന്ധമുള്ളതായി അന്വേഷണ സംഘം സംശയിക്കുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
