ലഖ്നൗ: ഉത്തർപ്രദേശിൽ ഭർത്താവിനെ ഉറക്ക ഗുളിക നൽകി മയക്കി കിടത്തി, പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്ന കേസിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. ഉത്തർപ്രദേശിലെ മീററ്റിൽ ഹസ്തിനാപൂർ മേഖലയിലാണ് സംഭവം.
32 കാരനായ അതുൽ കുമാർ പൻവാർ ആണ് കൊല്ലപ്പെട്ടത്. ഭാര്യ ദാമിനിയെയും കാമുകൻ തുഷാറിനെയും മീററ്റ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദാമിനിയും തുഷാറും തമ്മിലുള്ള ബന്ധത്തെ അതുൽ എതിർത്തിരുന്നുവെന്ന് പൊലീസ് പറയുന്നു. 20 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാനാണ് ഇരുവരും ചേർന്ന് ആസൂത്രിക കൊലപാതകം നടത്തിയതൊന്നാണ് റിപ്പോർട്ടുകൾ.
ഹസ്തിനാപൂരിൽ ദാമിനിക്കൊപ്പം കൃഷ്ണ കിഡ്സ് പ്ലേ സ്കൂൾ നടത്തിവരികയായിരുന്നു അതുൽ. 2019 ലാണ് ഇരുവരുടെയും വിവാഹം നടക്കുന്നത്. പ്ലേ സ്കൂളിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു തുഷാർ. പിന്നീട് ദാമിനിയും തുഷാറും തമ്മിൽ അടുപ്പത്തിലാവുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അതുലിനെ അബോധാവസ്ഥയിൽ കണ്ടെത്തുന്നത്.
ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മരണത്തിൽ സംശയം തോന്നിയ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കുറ്റകൃത്യം പുറത്തുവരുന്നത്. ഭർത്താവിന് പാലിൽ ഉറക്ക ഗുളിക ചേർത്ത് മയക്കി കിടത്തിയതിന് ശേഷം പാമ്പിനെ ഉപയോഗിച്ച് കടിപ്പിക്കുകയായിരുന്നു. നല്ല വിഷമുള്ള ഇനത്തിലുള്ള പാമ്പായിരുന്നുവെന്നും അതുൽ തൽക്ഷണം മരിക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് രണ്ട് പാമ്പാട്ടികളെയും അറസ്‌റ്റ് ചെയ്‌തു സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
