വിജയവാഡ: മുംബൈയിൽ ആത്മഹത്യ ചെയ്ത സോഫ്റ്റ്‌വെയർ എൻജിനീയർ അദ്ദഗല്ല കീർത്തിയുടെ (24) മൃതദേഹവുമായി ബന്ധുക്കൾ ആന്ധ്രപ്രദേശിലുള്ള കാമുകൻ സായ് സുമന്തിന്റെ വീട്ടിലെത്തി. പൊണ്ടുരു ഗ്രാമത്തിലുള്ള കാമുകന്റെ വീട്ടിലെത്തിയ ബന്ധുക്കൾ അന്ത്യകർമങ്ങൾ ചെയ്യും മുൻപ് സായ് യുവതിയുടെ മൃതദേഹത്തിൽ താലി ചാർത്തണമെന്ന് ആവശ്യപ്പെട്ടു. മൃതദേഹം സായ് സുമന്തിന്റെ വീട്ടിലേക്ക് കൊണ്ടുവന്നതിനെ തുടർന്ന് ഇരുകുടുംബങ്ങളും തമ്മിൽ സംഘർഷമുണ്ടായി.
ആന്ധ്രപ്രദേശിലെ ഗുണ്ടൂർ സ്വദേശിയായ കീർത്തിയും സായ് സുമന്തും കഴിഞ്ഞ എട്ടുവർഷമായി പ്രണയത്തിലായിരുന്നു. ഓൺലൈനിലൂടെ പരിചയപ്പെട്ട ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചെങ്കിലും സായ് പിന്മാറിയെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. തുടർന്ന് മനോവിഷമത്താൽ കീർത്തി മുംബൈയിലെ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്തു. സുമന്തിന്റെ ജന്മനാടായ പൊണ്ടുരുവിൽ മൃതദേഹം സംസ്കരിക്കണമെന്നായിരുന്നു കീർത്തിയുടെ ആഗ്രഹം. ഇതേതുടർന്നാണ് ബന്ധുക്കൾ മുംബൈയിൽനിന്ന് യുവതിയുടെ മൃതദേഹവുമായി ഇവിടേക്ക് എത്തിയത്.
എന്നാൽ വിദേശത്ത് ജോലി ചെയ്യുന്ന സായി വീട്ടിലുണ്ടായിരുന്നില്ല. തുടർന്ന് മകനെ നാട്ടിലേക്ക് വിളിച്ചു വരുത്താൻ കീർത്തിയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു. ഇതാണ് കുടുംബാംഗങ്ങൾ തമ്മിൽ സംഘർഷത്തിലേക്ക് നയിച്ചത്. ഒടുവിൽ പൊലീസ് ഇടപെട്ട് രണ്ട് കുടുംബങ്ങളെയും ശാന്തമാക്കി. മൃതദേഹവുമായി വീടിന് മുന്നിൽ ധർണ നടത്തിയവരുമായി പൊലീസ് ചർച്ച നടത്തി. ഒടുവിൽ കീർത്തിയുടെ മൃതദേഹം സായ് സുമന്തിന്റെ ഗ്രാമത്തിൽ സംസ്കരിക്കാൻ തീരുമാനിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
