പൂനെ : ആന്ധ്രാപ്രദേശിന് പിന്നാലെ മഹാരാഷ്ട്രയിലും കോവിഡ് ആശങ്ക. മൂന്ന് വർഷത്തിന് ശേഷമാണ് മഹാരാഷ്ട്രയിൽ വീണ്ടും കോവിഡ് കേസുകൾ ഉയരുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ പത്ത് ദിവസത്തിനിടെ സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണുണ്ടായിരിക്കുന്നത്.
അതേസമയം, പുതിയ കോവിഡ് തരംഗത്തിന്റെ ആശങ്കയില്ലെന്നും ചെറിയ ലക്ഷണങ്ങൾ മാത്രമാണ് രോഗികൾക്കുള്ളതെന്നും ആരോഗ്യവിദഗ്ധർ അറിയിച്ചതായി ഫ്രീ പ്രസ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഹാരാഷ്ട്ര ആരോഗ്യവകുപ്പിന്റെ കണക്കുകളനുസരിച്ച് 2026ൽ ഇതുവരെ 48 കോവിഡ് കേസുകളാണുണ്ടായിരിക്കുന്നത്. കോവിഡ് മരണങ്ങളൊന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. ജനുവരിയിൽ മൂന്ന് കേസുകൾ, ഫെബ്രുവരിയിൽ ഒന്ന്, ജൂണിൽ 11, ജൂലൈയിൽ 21 കേസുകൾ എന്നിങ്ങനെയാണ് കേസുകൾ സ്ഥിരീകരിച്ചിരിക്കുന്നത്.
സമീപകാല കേസുകൾ പലതും മറ്റ് രോഗങ്ങൾക്ക് ചികിത്സക്കെത്തിയ രോഗികളിൽ ആകസ്മികമായി നടത്തിയ പരിശോധനയിൽ വ്യക്തമായതെന്നതാണ് ശ്രദ്ധേയമായ കാര്യം. ശസ്ത്രക്രിയയ്ക്ക് മുമ്പുള്ള പരിശോധനയിലും മറ്റും പോസിറ്റീവാണെന്ന് കണ്ടെത്തുകയായിരുന്നു. ഇൻഫ്ലുവൻസ വൈറസിന് സമാനമായ രീതിയിലാണ് നിലവിൽ കോവിഡ് കേസുകൾ പടരുന്നതെന്നാണ് ആരോഗ്യവിദഗ്ധർ വിലയിരുത്തുന്നത്. 2023ന് ശേഷം ഇത്ര പ്രകടമായി കോവിഡ് കേസുകൾ വർധിക്കുന്നതും ഇപ്പോഴാണ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
