സഊദിയിലെ കൊലക്കേസിൽ മോചനദ്രവ്യം നൽകി പുറത്തിറങ്ങിയയാൾ നാട്ടിൽ ലഹരിക്കടത്തിൽ പിടിയിൽ

malayalampress
2 Min Read
  • ഫസലുദ്ദീനെ ജയിലിൽ നിന്ന് ഇറക്കിയത് 80 ലക്ഷം രൂപ നൽകി

കണ്ണൂർ: സഊദിയിലെ കൊലക്കേസിൽ നാട്ടുകാർ കാരുണ്യത്താൽ സ്വരൂപ്പിച്ച മോചനദ്രവ്യം നൽകി പുറത്തിറങ്ങിയയാൾ ലഹരിക്കടത്തിൽ പിടിയിലായി. കരിക്കോട്ടക്കരി വിളയാങ്കോട് സ്വദേശി ടി. ഫസലുദ്ദീൻ ആണ് ഇരിട്ടി പൊലീസിന്റെ പിടിയിലായത്. സഊദി അറേബ്യയിൽ ജോലി ചെയ്യുന്നതിനിടെ മംഗളൂരു സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ ഇയാൾ അറസ്റ്റിലാവുകയും ഏകദേശം പത്ത് വർഷത്തോളം സഊദി ജയിലിൽ കിടക്കുകയും ചെയ്തിരുന്നു.

പിന്നീട് വിവിധ സന്നദ്ധ സംഘടനകളുടെ ഇടപെടലിലൂടെ 80 ലക്ഷം രൂപ മോചനദ്രവ്യം (ബ്ലഡ് മണി) നൽകിയാണ് ഫസലുദ്ദീനെ ജയിൽ മോചിതനാക്കിയത്. ലഹരി മരുന്ന് കടത്തുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഫസലുദ്ദീനാണ് പ്രധാന വിതരണക്കാരനെന്ന വിവരം പൊലീസിന് ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ബെംഗളൂരുവിൽ നിന്ന് ലഹരി മരുന്നുകൾ കേരളത്തിലെ വിവിധ പ്രദേശങ്ങളിലേക്ക് എത്തിക്കുന്ന ശൃംഖലയിലെ പ്രധാന കണ്ണിയാണ് ഫസലുദ്ദീനെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇയാളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന ലഹരി വിതരണ ശൃംഖലയെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

റിയാദിൽ നിന്ന് മോചിതനായി നാട്ടിലെത്തിയ ശേഷം കർണാടകയിൽ ജോലി ചെയ്യുകയാണെന്ന ധാരണ നാട്ടുകാർക്കിടയിൽ ഉണ്ടാക്കിയെടുത്താണ് ഇയാൾ ലഹരിക്കടത്ത് നടത്തിയിരുന്നത്. കർണാടകയിൽ പോയി മടങ്ങിവരുമ്പോഴെല്ലാം ഇയാൾ വലിയ തോതിൽ ലഹരിവസ്തുക്കൾ കേരളത്തിലേക്ക് എത്തിച്ചിരുന്നു. ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ലഹരിക്കടത്ത് സംഘത്തിന്റെ മുഖ്യ സൂത്രധാരനായ ഫസലുദ്ദീൻ പിടിയിലാവുന്നത്.

ഇയാളുടെ പക്കൽ നിന്നും വലിയ തോതിൽ ലഹരിമരുന്ന് പോലീസ് കണ്ടെടുത്തു. മുൻപും നാട്ടിലെത്തിയ ശേഷം ഇയാൾ നിരന്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായി പരാതികളുണ്ടായിരുന്നു.

2023ൽ ബെംഗളൂരുവിൽ 50 കിലോ ഗ്രാം കഞ്ചാവ് വിൽപന നടത്തിയ കേസിൽ അറസ്റ്റിലായ ഇയാൾ 3 വർഷത്തോളം ജയിലിൽ കഴിഞ്ഞശേഷം ഈ വർഷം ജനുവരിയിലാണ് മോചിതനായത്. ബെംഗളൂരു ജയിലിൽ വച്ചാണ് ഫസലുദ്ദീൻ വൻകിട ലഹരിമാഫിയയുമായി ബന്ധം സ്ഥാപിച്ചത്. ജയിൽ മോചിതനായ ശേഷം ഇരിട്ടിയിൽ തട്ടുകട ആരംഭിച്ച് അതിന്റെ മറവിൽ രാസലഹരി എത്തിച്ച് വിൽപന നടത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഫസലുദ്ദീനെ റിമാൻഡ് ചെയ്തു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article