മ്യാൻമറിൽ ബോട്ട് മുങ്ങി 500 മരണം

News Desk
1 Min Read

നെയ്പീദോ: മ്യാൻമറിൽനിന്ന് 500 ലധികം റോഹിംഗ്യൻ അഭയാർഥികളുമായി പുറപ്പെട്ട രണ്ട് ബോട്ടുകൾ മുങ്ങി 500 പേർ മരിച്ചതായി വിവരം. ജൂൺ അവസാന വാരമാണ് രണ്ട് ബോട്ടുകളും മ്യാൻമറിൽനിന്നു യാത്ര തിരിച്ചത്. സംഭവത്തിന്റെ കൃത്യമായ വിവരങ്ങളും മരണസംഖ്യയും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

വൻതോതിൽ ജീവഹാനി സംഭവിച്ചിരിക്കാമെന്നത് തങ്ങളെ അതീവ ആശങ്കയിലാഴ്ത്തുന്നതായി ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. 

ഐക്യരാഷ്ട്ര സംഘടനയുടെ ഏജൻസികൾ നൽകുന്ന വിവരമനുസരിച്ച്, 250 ഓളം യാത്രക്കാരുമായി പുറപ്പെട്ട ആദ്യ ബോട്ടുമായുള്ള ബന്ധം യാത്ര തിരിച്ച് അധികം വൈകാതെ തന്നെ നഷ്ടപ്പെട്ടിരുന്നു. തുടർന്ന് 280 യാത്രക്കാരുമായി പോയ രണ്ടാമത്തെ ബോട്ട് ജൂലൈ 8 ന് മ്യാൻമറിൽ ഇരാവതി തീരത്തിനടുത്ത് വച്ച് കടലിൽ മറിഞ്ഞതായാണ് കരുതപ്പെടുന്നത്. സാധാരണയായി കടൽയാത്രകൾക്ക് അനുയോജ്യമല്ലാത്ത പ്രതികൂല കാലാവസ്ഥയുള്ള സമയത്താണ് ബോട്ടുകൾ യാത്ര തിരിച്ചത്. ഇത് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു.

2017ൽ മ്യാൻമർ സൈന്യം രാഖൈൻ സംസ്ഥാനത്ത് നടത്തിയ വംശീയ അക്രമങ്ങളെ തുടർന്നാണ് റോഹിംഗ്യൻ അഭയാർഥി പ്രതിസന്ധി രൂക്ഷമാകുന്നത്. അക്കാലത്ത് ഏകദേശം 7.3 ലക്ഷത്തിലധികം ആളുകളാണ് ജീവരക്ഷാർഥം ബംഗ്ലദേശിലേക്ക് പലായനം ചെയ്തത്. തുടർന്നുവന്ന വർഷങ്ങളിലും അഭയാർഥികൾ മെച്ചപ്പെട്ട ജീവിതം തേടി സമുദ്രമാർഗം മറ്റ് രാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിക്കുന്നത് പതിവായി.

ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുകൾ പ്രകാരം 2025ൽ മാത്രം തൊള്ളായിരത്തോളം റോഹിംഗ്യൻ അഭയാർഥികളെയാണ് മരിക്കുകയോ കാണാതാവുകയോ ചെയ്തത്. ഇതോടെ ലോകത്തിലെ ഏറ്റവും അപകടം പിടിച്ച കുടിയേറ്റ പാതയായി ഈ പ്രദേശം മാറുകയായിരുന്നു. 2026 ന്റെ ആദ്യ പകുതിയിൽ മാത്രം റോഹിംഗ്യൻ അഭയാർഥികളും ബംഗ്ലദേശ് പൗരന്മാരുമടങ്ങുന്ന മുന്നൂറോളം പേരെ ഇതേ കടൽ മേഖലകളിൽ കാണാതായിട്ടുണ്ടെന്നും ഐക്യരാഷ്ട്ര സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article