ന്യൂഡൽഹി: സ്ത്രീയുടെ സൽവാർ ഊരിമാറ്റുന്നതും മാറിടത്തിൽ അമർത്തുന്നതും പീഡനശ്രമമാകില്ലെന്ന പട്ന ഹൈക്കോടതിയുടെ പരാമർശത്തിൽ സുപ്രീം കോടതി കടുത്ത അതൃപ്തി അറിയിച്ചു.
ലൈംഗിക കുറ്റകൃത്യ കേസുകളിൽ ജഡ്ജിമാർ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ച് നാഷനൽ ജുഡീഷ്യൽ അക്കാദമി കമ്മിറ്റിയുടെ റിപ്പോർട്ട് രാജ്യമെങ്ങുമുള്ള ഹൈക്കോടതികൾ, ജില്ലാ കോടതികൾ, സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റികൾ, സംസ്ഥാന നിയമ വകുപ്പുകൾ, പ്രോസിക്യൂഷൻ ഡയറക്ടറേറ്റുകൾ എന്നിവയ്ക്കു നൽകാനും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
സ്ത്രീകളുടെ മാറിടത്തിൽ സ്പർശിക്കുന്നതും പൈജാമയുടെ ചരടു പൊട്ടിക്കാൻ ശ്രമിക്കുന്നതും പീഡനമോ അതിനുള്ള ശ്രമമോ ആകുന്നില്ലെന്ന അലഹാബാദ് ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സ്വമേധയാ എടുത്ത കേസിലാണ് ഈ റിപ്പോർട്ട് തയാറാക്കിയത്. ഇപ്പോഴും സമാനവിധികൾ ആവർത്തിക്കപ്പെടുന്നുണ്ടെന്ന് പട്ന ഹൈക്കോടതി പരാമർശം ചൂണ്ടിക്കാട്ടി അഭിഭാഷക ശോഭ ഗുപ്ത പറഞ്ഞു.അത്തരം നടപടി സ്ത്രീയുടെ അന്തസ്സിനെ അപമാനിക്കുന്നതാണെന്നും പീഡനക്കുറ്റമായി കാണാൻ കഴിയില്ലെന്നുമാണു പട്ന ഹൈക്കോടതി പറഞ്ഞത്. പീഡനക്കേസിൽ ഒരാളുടെ ശിക്ഷ റദ്ദാക്കിക്കൊണ്ടായിരുന്നു നിരീക്ഷണം.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
