പോലീസിനെ വെട്ടിലാക്കി വീണ്ടും വേട്ട അഭിജിത്ത്, കോടതിവളപ്പില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമം;ഓടിച്ചിട്ട് പിടികൂടി

News Desk
1 Min Read

കൊല്ലം: പോലീസിനെ വെട്ടിക്കുന്നത് പതിവാക്കി മോഷണക്കേസ് പ്രതി. കൊല്ലം കോടതി കോമ്പൗണ്ടിലാണ് സംഭവം. ട്രെയിന്‍ മോഷണ കേസുകളില്‍ പിടിയിലായ അഭിജിത്താണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്.

പൊലീസുകാരുടെ കണ്ണ് വെട്ടിച്ച് മുന്‍ഭാഗത്തെ ഗേറ്റ് വഴി ഓടിരക്ഷപ്പെടാനായിരുന്നു അഭിജിത്തിന്റെ ശ്രമം. പിന്നാലെ പൊലീസ് സംഘം ഇയാളെ ഓടിച്ചിട്ട് പിടികൂടി. സംഭവത്തില്‍ കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തു. നേരത്തെയും കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ഓടിച്ചിട്ടാണ് പൊലീസ് പിടികൂടിയത്.

കേരളത്തിലും തമിഴ്‌നാട്ടിലും ട്രെയിനുകളും റെയില്‍വേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവാണ് ‘വേട്ട അഭിജിത്ത്’ എന്ന പരവൂര്‍ സ്വദേശി അഭിജിത്ത്. ട്രെയിനുകളിലെ എ സി കോച്ചുകളില്‍ ടിക്കറ്റെടുത്ത് കയറി യാത്ര ചെയ്ത് ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍, സ്വര്‍ണാഭരണങ്ങള്‍ എന്നിവ മോഷ്ടിക്കുന്നതാണ് ഇയാളുടെ രീതി. ജൂലൈ ഒന്നിനാണ് അഭിജിത്ത് ഒടുവില്‍ പൊലീസിന്റെ പിടിയിലായത്. മോഷണക്കേസില്‍ തമിഴ്‌നാട് പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടശേഷം മോഷണപരമ്പര തുടരുന്നതിനിടെയാണ് കൊല്ലത്തുവെച്ച് പിടിയിലായത്.

തമിഴ്‌നാട്ടില്‍ മോഷണക്കേസില്‍ പിടിയിലായ പ്രതി മെഡിക്കല്‍ പരിശോധനയ്ക്കായി കൊണ്ടുപോകും വഴി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് കൊല്ലം റെയില്‍വേ സ്റ്റേഷനും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തിവരികയായിരുന്നു. എന്നാല്‍ ഇയാള്‍ കൊല്ലം റെയില്‍വേ പൊലീസിന്റെ കണ്ണില്‍ പെട്ടു. രാത്രി ട്രെയിനില്‍ പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസുകാര്‍ അഭിജിത്തിനെ പിടികൂടി. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സാഹസികമായാണ് റെയില്‍വേ പൊലീസ് പിടികൂടിയത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article