ആലപ്പുഴ: തലയ്ക്കേറ്റ ഗുരുതര ക്ഷതവും തലച്ചോറിൽ രക്തം കട്ടപിടിച്ചതുമാണു മെഡിക്കൽ വിദ്യാർഥിനി സാവരിയ ബസന്തിന്റെ മരണകാരണമെന്ന് ഉസ്ബെക്കിസ്ഥാനിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ പ്രാഥമിക നിഗമനം.
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ റീപോസ്റ്റ്മോർട്ടവും ഇക്കാര്യം ശരിവയ്ക്കുന്നതായാണു സൂചന. സാവരിയയുടെ തലയിൽ രണ്ടിടത്തു മുറിവേറ്റിരുന്നു. കൂടാതെ ശരീരത്തിലുടനീളം ചതവുകളുണ്ടായിരുന്നു.
മരണവിവരമറിഞ്ഞ് മോർച്ചറിയിലെത്തിയ മാതൃസഹോദരീ ഭർത്താവ് ജനീഷ് നെഞ്ചു തകർന്നുപോകുന്ന കാഴ്ചയാണു കണ്ടതെന്നു ബന്ധുക്കൾ പറഞ്ഞു. പെട്ടെന്നുണ്ടായ പ്രകോപനത്തിൽ തലയ്ക്കടിച്ചതു മരണകാരണമായെന്നാണ് അതുവരെ കരുതിയിരുന്നത്. എന്നാൽ സാവരിയയുടെ ശരീരമാസകലം ചതഞ്ഞു കരുവാളിച്ച പാടുകളായിരുന്നു. മുഖം മുതൽ കാലുവരെ ചതവേറ്റിരുന്നു. നെഞ്ചിലെ ചതവിന്റെ പാടുകൾ ചവിട്ടേറ്റതിൽ നിന്നുണ്ടായതാണെന്നു മനസ്സിലായി. കാലിൽ ഉൾപ്പെടെ മുറിവുകളും ഉണ്ടായിരുന്നു.
തലയോട്ടിക്കു വരെ ആഘാതമേൽക്കുന്ന ക്ഷതം എങ്ങനെ ഉണ്ടായെന്നും എന്ത് ആയുധമാണ് ഉപയോഗിച്ചതെന്നും വ്യക്തതയില്ല. ലാപ്ടോപ് കൊണ്ടാണ് അടിയേറ്റതെന്ന വാർത്ത പ്രചരിച്ചിരുന്നെങ്കിലും തങ്ങളോട് ആരും അങ്ങനെ പറഞ്ഞിട്ടില്ലെന്നു ബന്ധുക്കൾ അറിയിച്ചു. പ്രതിയായ സദറുൽ അനാം ആണോ സാവരിയയെ ആശുപത്രിയിൽ എത്തിച്ചതെന്നും വ്യക്തതയില്ല.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
