ന്യൂയോർക്ക്: ന്യൂ ജേഴ്സിയിൽ ഇന്ന് പുലർച്ചെ നടന്ന ആവേശകരമായ പ്രീ ക്വാർട്ടറിൽ എർലിങ് ഹാലണ്ടിൻ്റെ രണ്ടടിയിൽ ചിറകൊടിഞ്ഞ് വീണതോടെ കാനറികൾ ലോകകപ്പിൽ നിന്ന് പുറത്ത്. അവസാന വിസിൽ വരെയും ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് നോർവെ ബ്രസീലിനെ വീഴ്ത്തി ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയത്. പ്രിയപ്പെട്ട ടീമിൻ്റെ അപ്രതീക്ഷിത തോൽവിയുടെ ഷോക്കിലാണ് ലോകമെമ്പാടുമുള്ള ബ്രസീൽ ആരാധകർ.
മത്സരത്തിൻ്റെ 14ാം മിനിറ്റിൽ ബ്രസീലിന് ലഭിച്ച പെനാൽറ്റി അവസരം മിഡ് ഫീൽഡറും പ്ലേമേക്കറുമായ ബ്രൂണോ ഗ്യുമാറസ് തുലച്ചതാണ് ബ്രസീലിന് തിരിച്ചടിയായത്. ബ്രസീലിനായി നെയ്മർ ജൂനിയർ രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമിൽ പെനാൽറ്റിയിലൂടെ ഒരു ഗോൾ മടക്കി. എന്നാൽ പിന്നീട് സമനില പിടിക്കാൻ കാനറികൾക്ക് വേണ്ടത്ര സമയം ശേഷിച്ചിരുന്നില്ല.
തോറ്റിറങ്ങുന്നവരാണ് പോരാട്ടത്തിന്റെ പുതിയ കഥകള്‍ പഠിപ്പിക്കുന്നത്
ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം എർലിങ് ഹാലണ്ട് 79, 90 മിനിറ്റുകളിലാണ് ബ്രസീലിയൻ പ്രതിരോധത്തെ കീറിമുറിച്ചത്. ഡിഫൻഡർ ഗബ്രിയേൽ മെർഗുളാസിനെ മറികടന്ന് ഹാലണ്ട് നടത്തിയ ഒന്നാന്തരമൊരു ഹെഡ്ഡർ ഗോൾകീപ്പർ ആലിസണേയും കീഴ്‌പ്പെടുത്തി വല തുളച്ചു. പിന്നീട് തകർപ്പനൊരു ഇടങ്കാലൻ ഷോട്ട് വീണ്ടും ബ്രസീലിയൻ പ്രതിരോധത്തേയും ഗോളിയേയും കാഴ്ചക്കാരാക്കി വലയിൽ കയറിയതോടെ ബ്രസീൽ തോൽവിയുറപ്പിച്ചു. മത്സരത്തിൽ ബ്രസീലിന് രണ്ട് പെനാൽറ്റികൾ ലഭിച്ചെങ്കിലും അതിൽ ഒരെണ്ണം മാത്രമാണ് വലയിലെത്തിക്കാനായത്.
ബ്രസീലിനെതിരെ തോൽവിയറിയാത്ത ടീമെന്ന റെക്കോർഡ് നിലനിർത്താനും വൈക്കിങ് വാരിയേഴ്സിന് ഇതോടെ സാധിച്ചു. മത്സരത്തിൽ സകല മേഖലകളിലും ബ്രസീലിനെ പിന്നിലാക്കിയാണ് നോർവെ വിജയതീരമണഞ്ഞത്. 66 ശതമാനം സമയത്തും പന്ത് കൈവശം വച്ച ഹാലണ്ടും കൂട്ടരും ബ്രസീലിന് മിഡ് ഫീൽഡിൽ ഒട്ടും സ്വാതന്ത്ര്യം അനുവദിച്ചില്ല.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
