വാട്സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് പുതിയ സൈബര്‍ തട്ടിപ്പ്: ബിസിനസ് സ്ഥാപനങ്ങള്‍ ജാഗ്രത പാലിക്കണം

News Desk
2 Min Read

പത്തനംതിട്ട: ‘സംസ്ഥാനത്തെ ബിസിനസ് സ്ഥാപനങ്ങളെയും അവയുടെ സാമ്പത്തിക വിഭാഗങ്ങളെയും ലക്ഷ്യമിട്ട് വാട്സ്ആപ്പ് വഴി പുതിയ രീതിയിലുള്ള സൈബര്‍ സാമ്പത്തിക തട്ടിപ്പ് വ്യാപിക്കുന്നു. സ്ഥാപനങ്ങളുമായി സ്ഥിരമായി സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന കസ്റ്റമര്‍മാരുടെയോ സപ്ലയര്‍മാരുടെയോ ഹാക്ക് ചെയ്യപ്പെട്ട വാട്സ്ആപ്പ് അക്കൗണ്ടുകള്‍ ഉപയോഗിച്ചാണ് തട്ടിപ്പുകാര്‍ വലവിരിക്കുന്നത്. അക്കൗണ്ട്‌സ് വിഭാഗത്തിലേക്ക് ‘അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ്’ എന്ന പേരില്‍ .vbs പോലുള്ള അപകടകരമായ എക്സ്റ്റന്‍ഷനുകളോടു കൂടിയ സ്‌ക്രിപ്റ്റ് ഫയലുകള്‍ വാട്സ്ആപ്പ് വഴി അയച്ചു നല്‍കുകയാണ് ഇവരുടെ രീതി.

ഈ ഫയലുകള്‍ തുറക്കുന്നതോടെ സ്ഥാപനത്തിലെ കമ്പ്യൂട്ടറുകളില്‍ മാല്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുകയും സിസ്റ്റത്തിന്റെ പൂര്‍ണ നിയന്ത്രണം തട്ടിപ്പുകാര്‍ കൈക്കലാക്കുകയും ചെയ്യുന്നു. തുടര്‍ന്ന് ബ്രൗസറുകളില്‍ സേവ് ചെയ്തിട്ടുള്ള പാസ്വേഡുകളും സാമ്പത്തിക വിവരങ്ങളും ചോര്‍ത്തിയെടുത്ത ശേഷം, സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ വാട്സ്ആപ്പ് അക്കൗണ്ടുകള്‍ ഹൈജാക്ക് ചെയ്ത് അവരുടെ പേരില്‍ വ്യാജ ചാറ്റുകള്‍ നിര്‍മിച്ച് കീഴ്ജീവനക്കാരോട് അടിയന്തരമായി പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആവശ്യപ്പെടുകയാണ് ചെയ്യുന്നത്.

വിശ്വസ്തരായ വ്യക്തികളുടെ സന്ദേശമാണെന്ന് കരുതി സ്ഥാപനങ്ങള്‍ വന്‍ തുകകള്‍ ഇത്തരത്തില്‍ കൈമാറി ചതിക്കപ്പെടാന്‍ സാധ്യതയേറെയാണ്. കോംപ്രമൈസ് ചെയ്യപ്പെട്ട കമ്പ്യൂട്ടറുകളില്‍ നിന്നും ലിസ്റ്റിലുള്ള മറ്റ് ബിസിനസ് ഗ്രൂപ്പുകളിലേക്ക് ഈ വ്യാജ ഫയലുകള്‍ തനിയെ അയക്കപ്പെടുകയും ചെയ്യുന്നുണ്ട്.

ഇത്തരം തട്ടിപ്പുകളില്‍ പെടാതിരിക്കാന്‍ ബിസിനസ് സ്ഥാപനങ്ങളും പൊതുജനങ്ങളും കര്‍ശനമായ മുന്‍കരുതലുകള്‍ എടുക്കേണ്ടതാണ്. വാട്സ്ആപ്പ് വഴി വരുന്ന അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകളോ ഫയലുകളോ തുറക്കുന്നതിന് മുമ്പ് അവരെ നേരിട്ട് ഫോണില്‍ വിളിച്ച് ഉറപ്പുവരുത്തേണ്ടതാണ്. അപരിചിതമായ ലിങ്കുകളോ സാധാരണ രീതിക്ക് വിപരീതമായ എക്സ്റ്റന്‍ഷനുകളോ ഉള്ള ഡോക്യുമെന്റുകള്‍ യാതൊരു കാരണവശാലും ഡൗണ്‍ലോഡ് ചെയ്യുകയോ റണ്‍ ചെയ്യുകയോ ചെയ്യരുത്. വാട്സ്ആപ്പ് സന്ദേശങ്ങള്‍ മാത്രം അടിസ്ഥാനമാക്കി ഔദ്യോഗികമായ ഇരട്ട സ്ഥിരീകരണമില്ലാതെ ഫണ്ട് ട്രാന്‍സാക്ഷനുകള്‍ നടത്തരുത്.

അഥവാ കമ്പ്യൂട്ടറില്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ആയെന്ന് സംശയം തോന്നിയാല്‍ അടിയന്തരമായി വൈഫൈയോ ലാന്‍ കേബിളോ വേര്‍പെടുത്തി ഇന്റര്‍നെറ്റ് കണക്ഷന്‍ പൂര്‍ണമായും വിച്ഛേദിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഈ ഫയലുകള്‍ പരിശോധിക്കാനെന്ന പേരില്‍ മറ്റ് കമ്പ്യൂട്ടറുകളിലേക്കോ ഫോണുകളിലേക്കോ കൈമാറുകയും ചെയ്യരുത്. ഇന്‍ഫെക്ട് ആയ ഡിവൈസുകള്‍ സുരക്ഷിതമാക്കാന്‍ അടിയന്തരമായി അടുത്തുള്ള സൈബര്‍ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെടുക.

ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിനിരയായാല്‍ ഉടന്‍ തന്നെ 1930 എന്ന സൈബര്‍ ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്കോ www.cybercrime.gov.in എന്ന സൈബര്‍ ക്രൈം റിപോര്‍ട്ടിങ് പോര്‍ട്ടലിലേക്കോ ബന്ധപ്പെടുക.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article