നെടുമ്പാശ്ശേരിയില്‍ ഇറങ്ങിയ യാത്രക്കാരന്റെ ബാഗില്‍ നിന്നു പണം കവര്‍ന്നു: പരാതി

News Desk
1 Min Read

കൊച്ചി: വിമാനയാത്രക്കാരന്റെ ബാഗില്‍ നിന്നു കവര്‍ച്ച. റിയാദില്‍ നിന്ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ ആലുവ മുപ്പത്തടം സ്വദേശി ഷഫീഖ് ഇസ്മായിലിന്റെ പണമാണ് നഷ്ടപ്പെട്ടത്. ബാഗിന്റെ നമ്പര്‍ ലോക്ക് തകര്‍ത്ത് അകത്തുണ്ടായിരുന്ന 8000 സഊദി റിയാലാണ് (ഏകദേശം 1.75 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) കവര്‍ന്നത്.

റിയാദില്‍ വച്ച് പണം അടങ്ങിയ ബാഗ് ഉള്‍പ്പെടെ മൂന്ന് ചെക്ക്-ഇന്‍ ബാഗുകളാണ് ഷഫീഖ് വിമാനക്കമ്പനിയെ ഏല്‍പ്പിച്ചിരുന്നത്. കൊച്ചിയിലെത്തിയ ശേഷം ബാഗേജ് ബെല്‍റ്റില്‍ നിന്ന് ബാഗുകള്‍ ലഭിക്കാന്‍ വൈകിയെന്ന് ഷഫീഖ് പറയുന്നു.

ബാഗ് കൈപ്പറ്റിയപ്പോഴാണ് കവര്‍ച്ച നടന്ന കാര്യം ശ്രദ്ധയില്‍ പെട്ടത്. ബാഗിന്റെ നമ്പര്‍ ലോക്ക് മാറ്റിയ നിലയിലായിരുന്നു. ഉള്ളിലെ സിബ്ബുകള്‍ തുറന്നു കിടക്കുകയായിരുന്നു. ബാഗിലുണ്ടായിരുന്ന ചോക്ലേറ്റും കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും വലിച്ചിട്ട നിലയിലായിരുന്നു. നാട്ടിലെത്തിയ ശേഷം ഇന്ത്യന്‍ രൂപയാക്കി മാറ്റാന്‍ വെച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടത്. ഇതോടെ ഷഫീഖ് വിമാനത്താവള അധികൃതര്‍ക്കും പോലീസിനും പരാതി നല്‍കി.

ഇതേ വിമാനത്തില്‍ യാത്ര ചെയ്ത മറ്റൊരു മലയാളി നഴ്‌സിന്റെ ബാഗും സമാനമായ രീതിയില്‍ നമ്പര്‍ ലോക്ക് അഴിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇവരുടെ ബാഗില്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ ഒന്നും ഇല്ലായിരുന്നു. വിമാനത്താവളത്തിലെ ബാഗേജ് ഹാന്‍ഡ്ലിങ് വിഭാഗത്തിലെ ജീവനക്കാരാണോ അതോ റിയാദില്‍ വെച്ചാണോ മോഷണം നടന്നതെന്ന കാര്യത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article