14 വർഷങ്ങൾക്ക് ശേഷമുള്ള ആ വലിയ മാറ്റം, ഇന്ന് മുതൽ പ്രാബല്യത്തിൽ: ഇന്ത്യൻ പ്രവാസികൾക്ക് വൻ തിരിച്ചടി

News Desk
2 Min Read

ദുബായ്: യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് വൻ തിരിച്ചടിയായി പാസ്‌പോർട്ട് സേവനങ്ങളുടെ നിരക്കുകൾ കുത്തനെ വർധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ ഇന്ന്( ജൂലൈ ഒന്ന്) മുതൽ പ്രാബല്യത്തിൽ വന്നതായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.

അബുദാബിയിലെ ഇന്ത്യൻ എംബസി, ദുബായിലെ കോൺസുലേറ്റ്, യുഎഇയിലുടനീളമുള്ള മറ്റ് ഔദ്യോഗിക പാസ്‌പോർട്ട് സേവന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെല്ലാം ഈ പുതിയ നിരക്കുകൾ ഒരേപോലെ ബാധകമായിരിക്കും. ലോകത്തെങ്ങുമുള്ള ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിലെ പാസ്‌പോർട്ട് നിരക്കുകൾ ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ നടപടി.

∙മാറ്റം നീണ്ട 14 വർഷങ്ങൾക്ക് ശേഷം
നീണ്ട 14 വർഷങ്ങൾക്ക് ശേഷമാണ് നിരക്കുകളിൽ ഇത്രയും വലിയ മാറ്റം വരുത്തുന്നത്. സാധാരണ നിരക്കുകളിൽ വൻ വർധനവ്പുതിയ നിരക്കുകൾ അനുസരിച്ച് മുതിർന്നവർക്കുള്ള സാധാരണ 36 പേജുകളുള്ള പാസ്‌പോർട്ട് പുതുക്കുന്നതിനും പുതിയത് എടുക്കുന്നതിനും ഇനി മുതൽ 450 ദിർഹം നൽകണം. മുൻപ് ഇത് 285 ദിർഹമായിരുന്നു. അതായത് ഏകദേശം 60 ശതമാനത്തോളം വർധനവാണ് ഈ വിഭാഗത്തിൽ ഉണ്ടായിരിക്കുന്നത്.

ഇതേ പാസ്‌പോർട്ട് അടിയന്തരമായി തത്കാൽ സംവിധാനത്തിലൂടെ സ്വന്തമാക്കാൻ 900 ദിർഹം ചിലവഴിക്കേണ്ടിവരും. 60 പേജുകളുള്ള വലിയ പാസ്‌പോർട്ട് സാധാരണ രീതിയിൽ പുതുക്കാൻ 630 ദിർഹവും തത്കാൽ വഴി ലഭിക്കാൻ 1080 ദിർഹവുമാണ് പുതിയ നിരക്ക്. പാസ്‌പോർട്ട് നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ പുതിയത് എടുക്കുന്നതിനുള്ള തുക വളരെ കൂടുതലാണ്. ഈ വിഭാഗത്തിൽ സാധാരണ അപേക്ഷകൾക്ക് 36 പേജിന് 900 ദിർഹവും 60 പേജിന് 1,080 ദിർഹവും നൽകണം. തത്കാൽ വഴിയാണെങ്കിൽ ഇത് യഥാക്രമം 1,350 ദിർഹവും 1530 ദിർഹവുമായി ഉയരും.

∙കുട്ടികളുടെ പാസ്‌പോർട്ട് നിരക്കുകളിലും മാറ്റം
18 വയസ്സിന് താഴെയുള്ള കുട്ടികളുടെ 36 പേജുള്ള പാസ്‌പോർട്ട് സാധാരണ രീതിയിൽ പുതുക്കാൻ 325 ദിർഹമാണ് പുതിയ നിരക്ക്. മുൻപ് ഇത് 190 ദിർഹമായിരുന്നു. കുട്ടികളുടെ തത്കാൽ അപേക്ഷകൾക്ക് 775 ദിർഹം നൽകണം. കുട്ടികളുടെ പാസ്‌പോർട്ട് നഷ്ടപ്പെടുകയോ കേടുപാടുകൾ വരികയോ ചെയ്താൽ സാധാരണ രീതിയിൽ 775 ദിർഹവും തത്കാലിൽ 1,225 ദിർഹവുമാണ് ഈടാക്കുക.

അതേസമയം, എട്ട് വയസ്സ് വരെയുള്ള കുട്ടികൾക്കായി പുതിയ പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ 10 ശതമാനം ഇളവ് അനുവദിച്ചിട്ടുണ്ട്. ഇതോടെ ഇവർക്ക് സാധാരണ അപേക്ഷകൾക്ക് 295 ദിർഹവും തത്കാലിന് 700 ദിർഹവും മതിയാകും. എന്നാൽ പാസ്‌പോർട്ട് പുതുക്കുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല. മുതിർന്നവരുടെ പാസ്‌പോർട്ടുകൾക്ക് 10 വർഷവും കുട്ടികളുടേതിന് അഞ്ച് വർഷവുമായിരിക്കും പരമാവധി കാലാവധി.

മറ്റ് അനുബന്ധ സേവനങ്ങളായ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട് റദ്ദാക്കൽ സർട്ടിഫിക്കറ്റ് എന്നിവയുടെ നിരക്ക് 95 ദിർഹത്തിൽ നിന്ന് 145 ദിർഹമായി ഉയർത്തിയിട്ടുണ്ട്. അടിയന്തര യാത്രാ രേഖകൾക്ക് 60 ദിർഹവും തിരിച്ചറിയൽ സർട്ടിഫിക്കറ്റുകൾക്ക് 180 ദിർഹവുമാണ് ഈടാക്കുക. ഈ രണ്ട് സേവനങ്ങളും തത്കാൽ വഴി ലഭ്യമാകില്ല. സർക്കാർ നിശ്ചയിച്ച ഈ അടിസ്ഥാന നിരക്കുകൾക്ക് പുറമെ, സേവനദാതാക്കളുടെ സർവീസ് ചാർജും പ്രവാസി ക്ഷേമ നിധിയും വെവ്വേറെ നൽകേണ്ടി വരും. യുഎഇയിലെ കോൺസുലർ സേവനങ്ങളുടെ ചുമതല പുതിയ ഏജൻസിയായ അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് ഏറ്റെടുക്കുന്നതിനൊപ്പമാണ് ഈ നിരക്ക് വർധനവും നടപ്പിലാകുന്നത്.

…..

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article