അസമിൽ പ്രളയക്കെടുതി രൂക്ഷം; ആറ് ജില്ലകൾ വെള്ളത്തിനടിയിൽ, 22,000 പേരെ മാറ്റിപ്പാർപ്പിച്ചു

News Desk
1 Min Read

ഗുവാഹത്തി: തുടർച്ചയായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് അസമിൽ പ്രളയക്കെടുതി രൂക്ഷമാകുന്നു. സംസ്ഥാനത്തെ ആറ് ജില്ലകളിൽ വെള്ളപ്പൊക്കവും കനത്ത നാശനഷ്ടവും ഉണ്ടായ സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് അതീവ ജാഗ്രതാ നിർദേശം (റെഡ് അലർട്ട്) പുറപ്പെടുവിച്ചു.

പ്രളയത്തെത്തുടർന്ന് നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും 22,000ത്തിലധികം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. കനത്ത മഴ മൂലം പലയിടങ്ങളിലും തുടർച്ചയായി മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്യുന്നുണ്ട്.

സ്ഥിതിഗതികൾ സങ്കീർണ്ണമായ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം നൽകി. കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി മുഖ്യമന്ത്രി സ്ഥിതിഗതികൾ സംസാരിച്ചു. കേന്ദ്രത്തിൽ നിന്ന് എല്ലാവിധ സഹായങ്ങളും ലഭ്യമാക്കുമെന്നും ദുരന്തനിവാരണ പ്രവർത്തനങ്ങൾ കൂടുതൽ വേഗതയിൽ ഏകോപിപ്പിക്കുമെന്നും ആഭ്യന്തര മന്ത്രി ഉറപ്പുനൽകിയതായി മുഖ്യമന്ത്രി അറിയിച്ചു.

കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും സിമെൻ നദിയിലെ റെയിൽവേ പാലത്തിന്റെ ഒരു തൂൺ ഭാഗികമായി തകർന്നു. അപകടസാധ്യത മുന്നിൽക്കണ്ട് ഈ റൂട്ടിലൂടെയുള്ള ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ കൂടുതൽ കനക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇതിന്റെ അടിസ്ഥാനത്തിൽ എല്ലാ ജില്ലകൾക്കും തദ്ദേശ ഭരണകൂടങ്ങൾക്കും അതീവ ജാഗ്രത പാലിക്കാനുള്ള കർശന നിർദേശം നൽകിയിട്ടുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article