മുംബൈ: മുഹറം ഘോഷയാത്ര അട്ടിമറിക്കാൻ എലിവിഷം നിർമിക്കാൻ ഉപയോഗിക്കുന്ന സിങ്ക് ഫോസ്ഫൈഡ് ചേർത്ത ഗുളികകൾ വിതരണം ചെയ്തെന്ന കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തന്റേത് പുണ്യ പ്രവർത്തിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രതി ഫയാസ് പ്രേംജി ഗുളിക വിതരണം ചെയ്യാൻ മറ്റുള്ളവരുടെ സഹായം തേടിയതെന്ന് അന്വേഷണ സംഘം.
15 ദിവസം മുൻപാണ് ഫയാസ് പ്രേംജി പുണെയിൽ നിന്ന് മുംബൈയിലെത്തിയത്. കഴിഞ്ഞ രണ്ടാഴ്ചയായി ഡോംഗ്രിയിലെ ഒരു ഹോട്ടലിലാണ് ഇയാൾ താമസിച്ചിരുന്നത്. അവിടെവച്ചാണ് സംഭവം ആസൂത്രണം ചെയ്തതും വിഷഗുളികകൾ തയാറാക്കിയതുമെന്നാണ് പൊലീസിന്റെ നിഗമനം. ഏകദേശം 14,900 ഗുളികകൾ പൊലീസ് ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഉണ്ടാക്കി ഗുളികകൾ ഒറ്റയ്ക്ക് വിതരണം ചെയ്യാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ പ്രതി, പുണ്യ പ്രവർത്തി എന്നു പറഞ്ഞാണ് മറ്റുള്ളവരുടെ സഹായം ആവശ്യപ്പെട്ടത്. വിതരണം ചെയ്യാനായി നിരവധി ഗുളികകൾ ഇവർക്ക് കൈമാറിയെന്നും പൊലീസ് കണ്ടെത്തി. വിറ്റാമിൻ സപ്ലിമെന്റാണെന്ന് പറഞ്ഞാണ് ഗുളിക നൽകിയതെന്ന് ഗുളിക കഴിച്ച അലി അബ്ബാസ് സയ്യിദ് എന്നയാൾ പറഞ്ഞു.
വലിയ തോതിൽ ഗുളികകൾ വിതരണം ചെയ്യാനായിരുന്നു ഇയാൾ ലക്ഷ്യം വച്ചതെന്ന് പൊലീസ് പറയുന്നു. 30,000 ക്യാപ്‌സ്യൂളുകളും 50 കിലോ എലിവിഷവും പ്രതി ഓർഡർ ചെയ്തിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ ഗുളികകൾ ഉപയോഗിച്ച് 15,000 പേരെ കൊല്ലാനായിരുന്നു ലക്ഷ്യം എന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. സംഭവത്തിന് പിന്നിൽ ഭീകരബന്ധമുണ്ടോ, മറ്റെന്തെങ്കിലും ഗൂഢാലോചനയുണ്ടോ എന്നീ കാര്യങ്ങൾ പരിശോധിച്ചു വരികയാണ്.
വിവാഹബന്ധം തകർന്നതിന് ശേഷം ഫയാസ് പ്രേംജിയുടെ മാനസിക നില തകർന്നിരുന്നെന്ന് നാട്ടുകാർ പറഞ്ഞെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. പുണെയിലെ വിമാൻ നഗറിലെ കോണാർക് നഗർ ടൗൺഷിപ്പിലാണ് ഇയാൾ വളർന്നത്. പിതാവ് പെയിന്റ് ഫാക്ടറി ഉടമയാണ്. മാതാവും സഹോദരിയും ഇറാനിലാണ് താമസം. കഴിഞ്ഞ വർഷം ഇയാൾ ഇറാനും ഇറാഖും സന്ദർശിച്ചിരുന്നുവെന്നും അവിടെ ഒന്നോ രണ്ടോ മാസം ജോലി ചെയ്തിരുന്നുവെന്നും വിവരം ലഭിച്ചിട്ടുണ്ട്. 2019 മുതൽ 2025 വരെ ഇത്തരത്തിൽ 19 യാത്രകൾ നടത്തിയതായും വിവരമുണ്ട്. പിന്നീട് ഇന്ത്യയിൽ തിരിച്ചെത്തിയ ഫയാസ് പ്രേംജി പിതാവിന്റെ ബിസിനസിൽ സഹായിക്കാൻ തുടങ്ങി. എന്നാൽ ഭാര്യ വിട്ടുപോയതിന് ശേഷം ഇയാളുടെ മാനസികനില മോശമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
