ന്യൂഡൽഹി: സോഷ്യൽ മീഡിയയിലെ വ്യാജപ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിനും ഡിജിറ്റൽ രംഗത്ത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഭരണഘടനാപരമായ മുൻകരുതലുകൾ നിർദ്ദേശിക്കാൻ ഒരു സ്വതന്ത്ര ജുഡീഷ്യൽ കമ്മീഷൻ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി (Public Interest Litigation) ഫയൽ ചെയ്തു.
അഡ്വക്കേറ്റ് വിശാൽ തിവാരിയാണ് ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം ഈ ഹർജി സമർപ്പിച്ചത്. നിലവിലുള്ള നിയമസംവിധാനങ്ങൾക്ക് ഡിജിറ്റൽ യുഗത്തിലെ അതിവേഗ പ്രതിഭാസങ്ങളോട് ഒപ്പമെത്താൻ സാധിക്കുന്നില്ലെന്നും വ്യാജ ഉള്ളടക്കങ്ങൾ ഔദ്യോഗികമായി തിരുത്തപ്പെടുന്നതിന് മുൻപ് തന്നെ വലിയ രീതിയിൽ പ്രചരിക്കപ്പെടുന്നുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
ചീഫ് ജസ്റ്റിസും മറ്റ് സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരും ബാഡ്മിന്റൺ ടൂർണമെന്റിൽ പങ്കെടുക്കാൻ ലണ്ടനിലേക്ക് പോയി എന്ന തരത്തിൽ അടുത്തിടെ പ്രചരിച്ച വ്യാജ വാർത്തകൾ ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്.
2025 നവംബറിൽ ന്യൂഡൽഹിയിലെ ത്യാഗരാജ് സ്റ്റേഡിയത്തിൽ നടന്ന ഓൾ ഇന്ത്യ ജഡ്ജസ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ചിത്രങ്ങളാണ് ലണ്ടനിലെ പരിപാടിയെന്ന പേരിൽ തെറ്റായി പ്രചരിപ്പിച്ചത്. ഇത്തരം സംഘടിതമായ വ്യാജപ്രചാരണങ്ങൾ ഭരണഘടനാ സ്ഥാപനങ്ങളിലുള്ള പൊതുജനവിശ്വാസത്തെ തകർക്കുമെന്നും നിലവിലെ നിയമങ്ങൾ ഇത്തരം പ്രചാരണങ്ങൾക്ക് ശേഷമാണ് ഇടപെടുന്നത് എന്ന പരിമിതിയുണ്ടെന്നും ഹർജി വ്യക്തമാക്കുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
