ഹോർമുസ് കടലിടുക്കിൽ ആശ്വാസം: ഇന്ത്യയിലേക്കുള്ള 30 കപ്പലുകൾ കടന്നതായി റിപ്പോർട്ട്

News Desk
1 Min Read

തെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യയിലേക്കുള്ള കപ്പലുകളുടെ ഗതാഗതം സജീവമാകുന്നു. ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച് ഇന്ത്യയിലേക്കുള്ള 30 കപ്പലുകൾ ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി കടന്നുപോയതായി ഷിപ്പിങ് മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രമുഖ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

യു എസ്-ഇറാൻ ധാരണാപത്രം യാഥാർത്ഥ്യമായതോടെയാണ് മേഖലയിലെ കപ്പൽ ഗതാഗതത്തിന് മേലുണ്ടായിരുന്ന ആശങ്കകൾക്ക് അയവ് വന്നത്. ഇന്ത്യയിലെ വിവിധ തുറമുഖങ്ങളിലേക്ക് എത്തിയ 30 കപ്പലുകളിൽ പകുതിയിലധികവും ദ്രവീകൃത പെട്രോളിയം ഗ്യാസ് , ദ്രവീകൃത പ്രകൃതിവാതകം എന്നിവ വഹിക്കുന്നവയാണ്. ഇതിനുപുറമെ എട്ട് ബൾക്ക് കാർഗോ കപ്പലുകളും ഏഴ് ക്രൂഡ് ഓയിൽ ടാങ്കറുകളും സുരക്ഷിതമായി കടന്നുപോയിട്ടുണ്ട്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ മേഖലയിൽ കപ്പൽ ഗതാഗതം ഗണ്യമായി വർധിച്ചിട്ടുണ്ട്. മാർച്ച് 1 മുതൽ ജൂൺ 17 വരെയുള്ള മാസങ്ങളിൽ കേവലം 19 കപ്പലുകൾ മാത്രമാണ് ഭീതിയെത്തുടർന്ന് ഇതുവഴി കടന്നുപോയിരുന്നത്. എന്നാൽ ഇരുരാജ്യങ്ങളും തമ്മിൽ പുതിയ ധാരണയിലെത്തിയതോടെ തൊട്ടടുത്ത ദിവസങ്ങളിൽ മാത്രം 11 കപ്പലുകൾ കൂടി സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങി. സുരക്ഷിതമായി കടന്നുപോയവയിൽ 17 എണ്ണം വിദേശ രജിസ്ട്രേഷനുള്ള കപ്പലുകളാണ്.

അതേസമയം, ഇന്ത്യയിലേക്ക് ചരക്കുകളുമായി വരുന്ന 26 കപ്പലുകൾ കൂടി നിലവിൽ പേർഷ്യൻ ഉൾക്കടലിൽകാത്തുകിടക്കുന്നുണ്ട്. ഇതിൽ ഇന്ത്യൻ രജിസ്ട്രേഷനിലുള്ളതും അല്ലാത്തതുമായ കപ്പലുകളുണ്ട്. ഇവയിൽ ഭൂരിഭാഗവും ഇന്ധനവും, പത്തെണ്ണം വളവും മറ്റ് അത്യാവശ്യ സാധനങ്ങളും വഹിക്കുന്നവയാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article