സഹോദരിക്ക് തോന്നിയ സംശയം; അപകട മരണം കൊലപാതകമാണെന്ന് തെളിഞ്ഞത് ഇങ്ങനെ

News Desk
2 Min Read

പൂനെ: യുവ ബിസിനസുകാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അപകട മരണമായി മാറുമായിരുന്ന സംഭവത്തില്‍ ആദ്യം സംശയം ഉന്നയിച്ചത് കൊല്ലപ്പെട്ട കേതന്‍ അഗര്‍വാളിന്റെ സഹോദരിയാണ്.

സഹോദരിക്കു തോന്നിയ ചെറിയ സംശയമാണ്, ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ജൂണ്‍ പതിനെട്ടിനാണ് പൂനെയിലെ ലൊഹഗഡ് കോട്ടയില്‍ കൊക്കയിലേക്ക് വീണ് കേതന്‍ അഗര്‍വാള്‍ മരണപ്പെട്ടത്. കേതനെ പ്രതിശ്രുത വധുവായ സിയ ഗോയലും കാമുകനും ചേര്‍ന്ന് തള്ളിയിട്ടെന്നാണ് കണ്ടെത്തല്‍.

അപകടം നടന്ന സമയത്ത് സാധാരണ അപകട മരണം എന്ന നിലയിലായിരുന്ന പൊലീസ് കേസിനെ കണ്ടിരുന്നത്. എന്നാല്‍, കേതൻ്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആദ്യം മുതല്‍ ഉറച്ച് വിശ്വസിച്ചിരുന്നത് സഹോദരി മാത്രമായിരുന്നു.

മരണപ്പെട്ട് നാല് ദിവസം കഴിഞ്ഞപ്പോള്‍ സിയ കേതന്റെ കുടുംബാംഗങ്ങളെ കാണാന്‍ എത്തിയിരുന്നു. ഈ സമയത്ത് കേതന്റെ സഹോദരി സിയയോട് നടന്ന സംഭവങ്ങളെ കുറിച്ച് വിശദമായി ചോദിച്ചു.

ജൂണ്‍ 18 ന് മുമ്പ് രണ്ട് തവണ കേതനും സിയയും ലൊഹഗഡ് കോട്ടയില്‍ ട്രക്കിങ്ങിനായി പോയിരുന്നു. മെയ് 31 നും ജൂണ്‍ 14 നുമായിരുന്നു ആദ്യം പോയിരുന്നത്. ചോദ്യങ്ങള്‍ക്കുള്ള സിയയുടെ മറുപടികളിലെ പൊരുത്തക്കേടുകളും ഒഴിഞ്ഞുമാറലുകളും കൂടിയായപ്പോള്‍ സഹോദരിയുടെ സംശയം കൂടുതല്‍ ശക്തമായി. ഇക്കാര്യങ്ങള്‍ കുടുംബവുമായും സഹോദരി സംസാരിച്ചു. തുടര്‍ന്നാണ് അന്വേഷണം ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചത്.

കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍, സിയയ്ക്ക് ചേതന്‍ ചൗധരി എന്നയാളുമായി അടുപ്പമുണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ചേതനുമായുള്ള സിയയുടെ ബന്ധം വീട്ടുകാര്‍ക്ക് അറിയാമായിരുന്നുവെന്നാണ് കേതന്റെ കുടുംബം ആരോപിക്കുന്നത്.

കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് പൊലീസ് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത്. ദൃശ്യങ്ങളില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഒരാളെ ശ്രദ്ധയില്‍പെട്ടു. ജൂണ്‍ മാസത്തിലെ പൂനെയിലെ ചൂടിലും ഹൂഡി ധരിച്ചായിരുന്നു യുവാവ് എത്തിയിരുന്നത്. ഇത് ആരാണെന്നുള്ള അന്വേഷണമാണ് ചേതനിലേക്ക് എത്തിയത്.

കൂടാതെ സംഭവത്തെ കുറിച്ചുള്ള സിയയുടെ മൊഴികളിലുള്ള വൈരുധ്യവും പൊലീസിന്റെ സംശയം ബലപ്പെടുത്തി. തുടര്‍ന്നാണ് ചേതനേയും സിയയേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ഇരുവരുടേയും മൊഴികളിൽ വൈരുധ്യം കണ്ടെത്തിയതോടെ അന്വേഷണം ഊര്‍ജിതമാക്കി. തുടര്‍ന്നാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. സ്വന്തം ജന്മദിനം തന്നെയാണ് പ്രതിശ്രുത വരനെ കൊല ചെയ്യാനായി പ്രതി തിരഞ്ഞെടുത്തതും.

മൂന്ന് വര്‍ഷമായി ചേതനും സിയയും തമ്മില്‍ അടുപ്പമുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ഇരുവരും ഫോണില്‍ സംസാരിച്ചത് 2,004 തവണയാണ്. ഏകദേശം 238 മണിക്കൂര്‍. വാട്‌സ് ആപ് വീഡിയോ കോളിലൂടേയും ഫേസ്‌ടൈമിലും ഇരുവരും സംസാരിച്ചിരുന്നു.

ഫോട്ടോ എടുക്കുന്നതിനിടയില്‍ കേതന്‍ കാല്‍തെറ്റി കൊക്കയിലേക്ക് വീണുവെന്നായിരുന്നു സിയ ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാല്‍, ചേതനും സിയയും ചേര്‍ന്ന് കേതനെ തള്ളിയിടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ജൂണ്‍ 23 നാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. കുറ്റകൃത്യത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിച്ചു വരികയാണ്.
….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!