സ്വത്ത് തർക്കം: അച്ഛനെ കഴുത്തിന് പിടിച്ച് തള്ളിയിട്ടു; പിന്നാലെ മരണം

News Desk
1 Min Read

തിരുവനന്തപുരം: സ്വത്ത് പങ്കിടുന്നതുമായുണ്ടായ തർക്കത്തിൽ അച്ഛനെ കൊലപ്പെടുത്തിയ കുറ്റത്തിന് മൂത്ത മകൻ അറസ്റ്റിൽ. കോവളം പൊലീസ് ആണ് രാജീവിനെ പിടികൂടിയത്. കോവളം വെള്ളാർ സ്വദേശി സുരേന്ദ്രൻ (64) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. സുരേന്ദ്രനും രാജീവും തമ്മിൽ വസ്തു പങ്കിടുന്നതുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നു എന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞദിവസം ഉച്ചയ്ക്ക് മദ്യപിച്ചെത്തിയ രാജീവും സുരേന്ദ്രനും തമ്മിൽ നടന്ന വാക്കുതർക്കം കൈയ്യാങ്കളിയിലേയ്ക്ക് നീണ്ടു. ഇതിനിടെ രാജീവ് സുരേന്ദ്രന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് തള്ളിയിട്ടു. ഈ വീഴ്ചയിലാണ് സുരേന്ദ്രൻ മരണപ്പെട്ടതാണ് നി​ഗമനം. തുടർന്നാണ് രാജീവിന്റെ അറസ്റ്റിലേയ്ക്ക് നീങ്ങിയത്. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് സുരേന്ദ്രൻ ചികിത്സയിലായിരുന്നു.

അമ്മ അറിയിച്ചതിനെത്തുടർന്ന് മറ്റു മക്കൾ വീട്ടിൽ എത്തുമ്പോൾ സുരേന്ദ്രൻ നിലത്ത് കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുരേന്ദ്രന്റെ കഴുത്തിലും മറ്റും കണ്ട നഖത്തിന്റെ പാടുകളാണ് മരണം കൊലപാതകമാണെന്ന സംശയത്തിലേയ്ക്ക് പൊലീസിനെ എത്തിച്ചത്. തുടർന്ന് മൂത്ത മകനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article