റിയാദ്: റിയാദിൽ ഭാര്യയുടെ മൃതദേഹം ഏറ്റുവാങ്ങി വീട്ടിലെത്തി ഏതാനും മണിക്കൂറുകൾക്കകം ഭർത്താവും ജീവനൊടുക്കിയ സംഭവത്തിൽ ദമ്പതികളുടെ മൃതദേഹങ്ങൾ നാട്ടിലേക്ക്. സഊദി അറേബ്യയിൽ ദാരുണമായി മരിച്ച മലയാളി ദമ്പതികളായ റിയാദ് കിങ് ഫഹദ് മെഡിക്കൽ സിറ്റിയിലെ സ്റ്റാഫ് നഴ്സായ കോട്ടയം ചങ്ങനാശ്ശേരി തൃക്കൊടിത്താനം ആശാരിപ്പറമ്പിൽ ലിധിയ തോമസ് (31), റിയാദിൽ ഡ്രൈവറായിരുന്ന കോട്ടയം കടയനിക്കാട് ഒലിക്കുന്നേൽ ഹൗസിൽ ആൽബിൻ തോമസ് (33) എന്നിവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ പൂർത്തിയായി.
ഇരുവരുടെയും മൃതദേഹങ്ങൾ ഈ ആഴ്ച കേരളത്തിലെത്തിക്കും. കഴിഞ്ഞ മെയ് 5-ന് ആത്മഹത്യാശ്രമത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ ലിധിയ തോമസ് റിയാദ് ശുമൈസിയിലെ കിങ് സൗദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മെയ് 20-നാണ് മരിച്ചത്. അതേ ദിവസം രാവിലെ ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ നിന്ന് ഏറ്റുവാങ്ങി മോർച്ചറിയിലേക്ക് മാറ്റിയ ശേഷം, ശുമൈസിയിലെ സ്വന്തം ഫ്ലാറ്റിലെത്തിയ ആൽബിൻ ഉച്ചയോടെ ജീവനൊടുക്കുകയായിരുന്നു.
അവധി ആഘോഷിക്കാൻ നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് പ്രവാസി സമൂഹത്തെ നടുക്കിയ ഈ ദുരന്തം സംഭവിച്ചത്. നിലവിൽ ശുമൈസി കിങ് സൗദ് മെഡിക്കൽ സിറ്റി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾക്ക് സാമൂഹിക പ്രവർത്തകരായ മാത്യു ജോസഫ്, നാസർ കല്ലറ, ഷാജഹാൻ താജ് കോൾഡ് സ്റ്റോർ എന്നിവർ നേതൃത്വം നൽകി. ആൽബിൻ തോമസിന്റെ മൃതദേഹം ചൊവ്വാഴ്ച പുലർച്ചെ 7.15-നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ റിയാദിൽ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് കൊണ്ടുപോകും. രാത്രി 10.20-ഓടെ മൃതദേഹം കൊച്ചിയിലെത്തും.
ലിധിയ തോമസിന്റെ മൃതദേഹം വ്യാഴാഴ്ച രാവിലെ 11 മണിക്ക് പുറപ്പെടുന്ന സൗദി എയർലൈൻസ് വിമാനത്തിൽ കൊണ്ടുവരും. വൈകിട്ട് 6.30-ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുമെന്നാണ് വിവരം. കഴിഞ്ഞ ഏതാനും വർഷങ്ങളായി റിയാദ് കിങ് ഫഹദ് മെഡിക്കൽ സിറ്റിയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്തുവരികയായിരുന്നു ലിധിയ. രണ്ട് വർഷം മുൻപാണ് ആൽബിൻ തോമസ് റിയാദിലെത്തിയത്. ദമ്പതികൾക്ക് സാറ ആൽബിൻ (6) എന്ന മകളുണ്ട്. കുട്ടി നിലവിൽ നാട്ടിൽ ബന്ധുക്കളുടെ സംരക്ഷണയിലാണ് . പരേതനായ ആൽബിൻ തോമസ് തോമസ് ജോസഫ്–മിനി തോമസ് ദമ്പതികളുടെ മകനാണ്. തോമസ് മാത്യുവിന്റെയും ആൻസി തോമസിന്റെയും മകളാണ് ലിധിയ തോമസ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
