മെക്‌സിക്കോ: സംഭവബഹുലമായ 2026 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്‌സിക്കോയ്ക്ക് ജയം. ചരിത്രമുറങ്ങുന്ന ആസ്റ്റക്ക സ്റ്റേഡിയത്തിൽ സ്വന്തം കാണികൾക്കു മുന്നിൽ 2026 ലോകകപ്പിലെ ആദ്യ ജയം കുറിക്കാൻ മെക്‌സിക്കോയ്ക്കായി. ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മെക്‌സിക്കോ പരാജയപ്പെടുത്തിയത്.
ഒമ്പതാം മിനിറ്റിൽ ജൂലിയൻ ക്വിനോനെസും 67-ാം മിനിറ്റിൽ റൗൾ ഹിമെനെസുമാണ് മെക്‌സിക്കോയ്ക്കായി സ്‌കോർ ചെയ്തത്. ദക്ഷിണാഫ്രിക്കൻ താരങ്ങളായ യായ സിത്തോളെയും തെംബ സാനെയും മെക്‌സിക്കോ താരം സെസാർ മൊണ്ടെസും റെഡ് കാർഡ് കണ്ടു.
ദക്ഷിണാഫ്രിക്കൻ ഗോൾമുഖം ആക്രമിക്കുക എന്നത് മാത്രമായിരുന്നു മത്സരത്തിലുടനീളം മെക്‌സിക്കോയുടെ ലക്ഷ്യം. കളിതുടങ്ങി നാലാം മിനിറ്റിൽ തന്നെ മെക്‌സിക്കോ ഗോളിനടുത്തെത്തുകയും ചെയ്തു. ഇടതു വിങ്ങിൽ നിന്ന് ലഭിച്ച ക്രോസിൽ നിന്നുള്ള റൗൾ ഹിമെനസിന്റെ ഷോട്ട് പക്ഷേ ദക്ഷിണാഫ്രിക്കൻ ഗോൾകീപ്പർ റോൺവെൻ വില്യംസ് തട്ടിയകറ്റി.
ഒമ്പതാം മിനിറ്റിൽ 2026 ലോകകപ്പിലെ ആദ്യ ഗോൾ പിറന്നു. അഞ്ച് പ്രതിരോധക്കാരെ അണിനിരത്തിയിറങ്ങിയിട്ടും ഒറ്റ നിമിഷത്തെ പിഴവ് ദക്ഷിണാഫ്രിക്കയ്ക്ക് വിനയായി. ദക്ഷിണാഫ്രിക്കൻ താരം യായ സിത്തോളെയുടെ പിഴവിൽ പന്ത് റാഞ്ചിയെടുത്ത എറിക് ലിറയുടെ മികവാണ് ഗോളിന് വഴിയൊരുക്കിയത്. ലിറ ഇന്റർസെപ്റ്റ് ചെയ്ത പന്ത് ഉടൻ പിടിച്ചെടുത്ത ജൂലിയൻ ക്വിനോനെസിന്റെ ബുള്ളറ്റ് ഷോട്ട് ഗോൾകീപ്പർ റോൺവെൻ വില്യംസിന്റെ കാലുകൾക്കിടയിലൂടെ വലയിൽ കയറി. സൗദി പ്രോ ലീഗിൽ അൽ ഖ്വാദ്‌സിയാഹിന് വേണ്ടി കളിക്കുന്ന ക്വിനോനെസ് പോയ സീസണിൽ 33 ഗോളുകളുമായി ഗോൾഡൻ ബൂട്ട് ജേതാവാണ്.
ആദ്യ 20 മിനിറ്റുകൾക്കുള്ളിൽ തന്നെ അഞ്ച് ഷോട്ടുകളാണ് മെക്‌സിക്കോ ഗോളിലേക്ക് പായിച്ചത്. മറുവശത്ത് ദക്ഷിണാഫ്രിയ്ക്കയുടെ ആദ്യ ഓൺ ടാർഗറ്റ് ഷോട്ട് വന്നത് 44-ാം മിനിറ്റിലാണെന്നതു തന്നെ മത്സരം ചിത്രം വ്യക്തമാക്കുന്നതാണ്.
ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് മെക്‌സിക്കോ വീണ്ടും ഗോളിനടുത്തെത്തിയിരുന്നു. 42-ാം മിനിറ്റിൽ പന്ത് റാഞ്ചിയെടുത്ത് ക്വിനോനെസടിച്ച പന്ത് പക്ഷേ ദക്ഷിണാഫ്രിക്കൻ ഗോൾപോസ്റ്റിലിടിച്ച് മടങ്ങി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ആദ്യ പകുതിയേക്കാൾ ആക്രമണങ്ങൾ കടുപ്പിച്ചായിരുന്നു മെക്‌സിക്കോ തുടങ്ങിയത്. ഇത്തരമൊരു മുന്നേറ്റത്തിനിടെ ലോകകപ്പിലെ ആദ്യ റെഡ് കാർഡും വന്നു. മെക്‌സിക്കോ താരം ബ്രയാൻ ഗുട്ടിയെരെസിനെ ബോക്‌സിന് പുറത്ത് വീഴ്ത്തിയതിന് ദക്ഷിണാഫ്രിക്കൻ താരം യായ സിത്തോളെയ്ക്കു നേരെയാണ് റഫറി റെഡ് കാർഡ് ഉയർത്തിയത്. മെക്‌സിക്കോയുടെ ഉറച്ച ഗോളവസരം നഷ്ടപ്പെടുത്തിയതിനാൽ റഫറി നേരിട്ട് റെഡ് കാർഡുയർത്തുകയായിരുന്നു.
67-ാം മിനിറ്റിൽ ഹിമെനെസിലൂടെ മെക്‌സിക്കോയുടെ രണ്ടാം ഗോളെത്തി. വലതുവിങ്ങിൽ നിന്ന് പന്ത് സ്വീകരിച്ച അൽവാരാഡോ, ബോക്‌സിലേക്കുള്ള ഹിമെനസിന്റെ ഓട്ടം ശ്രദ്ധിച്ച് നൽകിയ ലോങ് ബോൾ ഹെഡറിലൂടെ കൃത്യമായി താരം വലയിലെത്തിക്കുകയായിരുന്നു.
രണ്ട് ഗോളുകൾ വഴങ്ങിയതിന്റെ നിരാശയിൽ പിന്നീട് പലപ്പോഴും ദക്ഷിണാഫ്രിക്കൻ താരങ്ങളുടെ കളി പരുക്കനായി. 84-ാം മിനിറ്റിൽ അൽവരാഡോയ്‌ക്കെതിരായ ഫൗളിന് ദക്ഷിണാഫ്രിക്കൻ താരം തെംബ സാനെയ്ക്കും റെഡ് കാർഡ് കിട്ടി. വാർ പരിശോധിച്ച ശേഷമായിരുന്നു റഫറിയുടെ തീരുമാനം. ഇതോടെ കടുത്ത മെക്‌സിക്കോ ആക്രമണങ്ങൾക്കെതിരേ ദക്ഷിണാഫ്രിക്ക ഒമ്പത് പേരായി ചുരുങ്ങി.
കളി ഇഞ്ചുറി ടൈമിലേക്ക് കടന്നതിനു പിന്നാലെ ഖുലിസോ മുദാവുവിനെതിരേ പരുക്കൻ കളി പുറത്തെടുത്ത മെക്‌സിക്കോ താരം സെസാർ മൊണ്ടെസിനും കിട്ടി റഫറി വക ഒരു റെഡ് കാർഡ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
