നിപ: കെ മുരളീധരനെ കുറ്റപ്പെടുത്താനില്ല; അടിയന്തിര പ്രതിരോധ നടപടികളിലേക്ക് കടക്കണമെന്ന് വീണാ ജോര്‍ജ്

News Desk
1 Min Read

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ മുമ്പ് നിപ വന്നപ്പോള്‍ സര്‍ക്കാറിനെ അധിക്ഷേപിച്ച കെ മുരളീധരനെ കുറ്റപ്പെടുത്താതെ, അടിയന്തിര പ്രതിരോധ നടപടികളിലേക്ക് കടക്കണമെന്ന് മുന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

എരണം കെട്ടവന്‍ നാട് ഭരിച്ചാല്‍ നാട് മുടിയും എന്നായിരുന്നു ഇപ്പോഴത്തെ ആരോഗ്യമന്ത്രി കെ മുരളീധരന്റെ അന്നത്തെ പ്രസംഗം. മുരളീധരന്റെ അന്നത്തെ പ്രസംഗത്തില്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് മുതിരുന്നില്ലെന്നും ശരിതെറ്റുകള്‍ കാലം തെളിയിക്കട്ടെ എന്നും പറഞ്ഞ അവര്‍, പകര്‍ച്ചവ്യാധിക്കെതിരെ ഒറ്റക്കെട്ടായി നില്‍ക്കുകയാണ് വേണ്ടതെന്ന് ഓര്‍മ്മിപ്പിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മൈക്രോബിയോളജി ലാബില്‍ നടത്തിയ ആര്‍ ടി പി സി ആര്‍ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തുനില്‍ക്കാതെ, നിലവിലെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തിര പ്രതിരോധ നടപടികളിലേക്ക് കടക്കണമെന്ന് മുന്‍ മന്ത്രി പറഞ്ഞു.

രോഗിക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കുന്നതിനൊപ്പം രോഗവ്യാപനം തടയുന്നതിനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. മുന്‍കാല അനുഭവങ്ങളുടെ വെളിച്ചത്തില്‍ കേരളം ശാസ്ത്രീയമായി രൂപപ്പെടുത്തിയ ചികിത്സാ പ്രോട്ടോക്കോളും പ്രതിരോധ ഗൈഡ്ലൈനുകളും മുന്നിലുണ്ടെന്നും പ്രതിസന്ധികളില്‍ ജനങ്ങളെ ചേര്‍ത്തുപിടിച്ച് ശാസ്ത്രീയ പ്രതിരോധം തീര്‍ക്കുക എന്നതാണ് ആവശ്യമെന്നും അവര്‍ വ്യക്തമാക്കി.

ഷിഗെല്ല രോഗം സംസ്ഥാനത്ത് പടരുന്ന സാഹചര്യവും അതീവ ഗൗരവത്തോടെ കാണ്ടേണ്ടതുണ്ട്. ആദ്യമായിട്ടാണ് ഇത്രയുമധികം ഷിഗെല്ല കേസുകള്‍ കേരളത്തില്‍ ഉണ്ടാകുന്നത്. കുഞ്ഞുങ്ങള്‍, പ്രായമുള്ളവര്‍, മറ്റു രോഗങ്ങളുള്ളവര്‍ എന്നിവരില്‍ ഷിഗെല്ല ഗുരുതരമാകും. രോഗത്തിന്റെ സാമൂഹിക വ്യാപനം കൂടുതല്‍ ഉണ്ടാകാതിരിക്കാന്‍ നടപടികള്‍ കൈക്കൊള്ളണമെന്നും വീണ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

കെ കരുണാകരനും എ കെ ആന്റണിയുമൊക്കെ ഭരിച്ചപ്പോള്‍ കേരളത്തില്‍ വവ്വാലുകള്‍ ഉണ്ടായിരുന്നു. എന്താണ് ഇപ്പോള്‍ രോഗം പടരാനുള്ള കാരണം എന്നായിരുന്നു 2021 ല്‍ മുരളീധരന്‍ ചോദിച്ചത്. കെ മുരളീധരനെതിരെ അന്നത്തെ പ്രസംഗം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article