കൊച്ചി: ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയ യുവാവിന്റെ ജീവൻ രക്ഷിച്ച് ഒപ്പമുണ്ടായിരുന്ന സുഹൃത്ത്. കൊച്ചി എംജി റോഡിലെ റെസ്റ്ററന്റിൽ വെച്ചായിരുന്നു സംഭവം. കൊല്ലം സ്വദേശിയായ അനീഷിന്റെ ജീവനാണ് സുഹൃത്ത് മനേഷ് തിരിച്ചുപിടിച്ചത്. രക്ഷാപ്രവർത്തനത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു.
ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. ചോറ് കഴിക്കാനായാണ് ഇരുവരും റെസ്റ്ററന്റിലെത്തുന്നത്. ചോറിനൊപ്പം അനീഷ് പുഴുങ്ങിയ മുട്ട കൂടി വാങ്ങിയിരുന്നു. ചോറ് കഴിക്കുന്നതിനിടെ ഒരു കഷ്ണം മുട്ടയും ഒപ്പം കഴിക്കാനായി അനീഷ് എടുത്തു. ആദ്യത്തെ കഷ്ണം തന്നെ ഇദ്ദേഹത്തിന്റെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു.
മുട്ട തൊണ്ടയിൽ കുടുങ്ങിയതോടെ അനീഷിന് സംസാരിക്കാൻ കഴിയാതാകുകയും ശ്വാസം മുട്ടുകയും ചെയ്തു. അനീഷ് ആംഗ്യങ്ങൾ കാണിക്കുന്നത് കണ്ടതോടെ അപകടം മനസിലായ മനേഷ് ഉടൻ അനീഷിനെ എഴുന്നേൽപ്പിച്ച് കുനിച്ചുനിർത്തി പുറത്ത് ശക്തമായി ഇടിക്കാൻ തുടങ്ങി. സംഭവം ശ്രദ്ധയിൽ പെട്ടതോടെ റെസ്റ്ററന്റിന്റെ ഉടമയും ജീവനക്കാരും ഓടിയെത്തി രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു.
ഇവരുടെ അൽപ്പസമയത്തെ പരിശ്രമത്തിനുശേഷം മുട്ടയുടെ കഷ്ണം അനീഷിന്റെ തൊണ്ടയിൽ നിന്ന് പുറത്തുചാടി. ഇതോടെ അനീഷിന് ശ്വാസം നേരെ വീണു. ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ അനീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നില്ല.
അനീഷിന്റെ ജീവൻ രക്ഷിച്ച സുഹൃത്ത് മനേഷ് തന്നെയാണ് സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പങ്കുവെച്ചത്. ഭക്ഷണം കഴിക്കുമ്പോൾ എല്ലാവരും കൂടുതലായി ശ്രദ്ധിക്കണമെന്ന സന്ദേശം നൽകാനും അഥവാ ഇത്തരത്തിൽ എന്തെങ്കിലും സംഭവിച്ചാൽ പ്രഥമ ശുശ്രൂഷ നൽകി ജീവൻ രക്ഷിക്കുന്നത് എങ്ങനെയെന്ന് ആളുകൾ മനസിലാക്കാനും വേണ്ടിയാണ് ദൃശ്യങ്ങൾ പങ്കുവെച്ചത് എന്ന് മനേഷ് പറയുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
