കൊച്ചി: കംബോഡിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്തർദേശീയ സൈബർ തട്ടിപ്പ് ശൃംഖലയിൽ കൊച്ചി സിറ്റി സൈബർ പൊലീസിന്റെ അന്വേഷണത്തിൽ പിടിയിലായ മലയാളി അബ്ദു റഹ്മാന്റെ പങ്ക് നിർണായകമെന്ന് കണ്ടെത്തൽ. തൂത സ്വദേശിയായ ഇയാൾ കംബോഡിയൻ തട്ടിപ്പ് സംഘത്തിൽ ടീം ലീഡർ പദവി വരെ എത്തിയിരുന്നുവെന്നാണ് അന്വേഷണ വിവരങ്ങൾ.
നാല് വർഷം മുമ്പ് തൊഴിൽ തേടിയാണ് അബ്ദു റഹ്മാൻ കംബോഡിയയിലെത്തിയത്. തുടക്കത്തിൽ ചൈനീസ് സംഘങ്ങളുടെ നിയന്ത്രണത്തിലുള്ള തട്ടിപ്പ് കേന്ദ്രങ്ങളിൽ ഇരകളെ കണ്ടെത്തുക, സന്ദേശങ്ങൾ അയയ്ക്കുക, ഫോൺവിളികളിലൂടെ ബന്ധപ്പെടുക തുടങ്ങിയ ചുമതലകളായിരുന്നു ഇയാൾക്കുണ്ടായിരുന്നത്.
പ്രവർത്തനത്തിലെ മികവ് തെളിയിച്ചതോടെ പിന്നീട് സംഘത്തിന്റെ ‘ടീം ലീഡർ’ സ്ഥാനത്തേക്ക് ഉയർത്തിയതായും പൊലീസ് പറയുന്നു. തുടർന്ന് ഇന്ത്യയിൽ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ചുമതലയും ഇയാൾ ഏറ്റെടുത്തു. ഒരാളെ കംബോഡിയയിലെത്തിക്കാൻ സാധിച്ചാൽ 3,000 ഡോളർ വരെ ലഭിച്ചിരുന്നുവെന്ന് അന്വേഷണത്തിൽ ഇയാൾ മൊഴി നൽകിയിട്ടുണ്ട്.
കൊച്ചിയിലെ ഒരു ഡോക്ടറിൽ നിന്ന് പണം തട്ടിയെടുത്ത സംഭവത്തിലും ഇയാളുടെ പങ്ക് വ്യക്തമായിട്ടുണ്ട്. മാട്രിമോണിയൽ വെബ്സൈറ്റിലൂടെ യുവതിയെന്ന വ്യാജേന പരിചയപ്പെട്ട് ‘ഭാവി വധു’വായി നടിച്ചായിരുന്നു തട്ടിപ്പ്. വിവാഹ ശേഷമുള്ള സാമ്പത്തിക സുരക്ഷയ്ക്കായി നിക്ഷേപം നടത്തണമെന്ന് പറഞ്ഞ് ട്രേഡിംഗിലേക്ക് പ്രേരിപ്പിച്ച ശേഷമാണ് പണം കൈക്കലാക്കിയത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
