ആര്‍എസ്എസ് നേതാവ് ടി.ജി. മോഹന്‍ദാസിന്റെ വിവാദ പരാമര്‍ശത്തില്‍ അന്വേഷണം. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോന്റെ പരാതിയിലാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് ഉത്തരവിട്ടത്. സൈബർ സെൽ ഐജി പി. പ്രകാശിനാണ് അന്വേഷണ ചുമതല.
ഭരണഘടനാ മൂല്യങ്ങളെ വെല്ലുവിളിച്ച മോഹൻദാസിനെതിരെ നിയമനടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് എഐവൈഎഫ് ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്. സംഭവത്തിൽ കേസെടുക്കണമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയനും ആവശ്യപ്പെട്ടിരുന്നു.
സമരം അവസാനിച്ചിട്ടുപോലും സമൂഹത്തിൽ വിദ്വേഷം പടർത്താൻ സംഘപരിവാർ ശക്തികൾ തുടരുന്ന ആസൂത്രിതമായ ശ്രമങ്ങളെയാണ് ഇത് തുറന്നുകാട്ടുന്നത് എന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം. വിയോജിപ്പുകളെ ഉന്മൂലനം ചെയ്യുക എന്ന സംഘപരിവാറിന്റെ ഉള്ളിലിരിപ്പാണ് ഇത്തരം ക്രൂരമായ പ്രസ്താവനകളിലൂടെ പുറത്തുവരുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
പത്രിക എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു മോഹൻദാസിൻ്റെ പ്രകോപനപരമായ പരാമർശം. ജന്തർമന്തറിലെ സമരസ്ഥലത്ത് കർഫ്യൂ പ്രഖ്യാപിച്ച് സമരക്കാരെ വെടിവെച്ചു കൊല്ലണമെന്നും എന്നിട്ട് ശവങ്ങൾ പെറുക്കി മാറ്റണം എന്നായിരുന്നു ടി.ജി. മോഹൻദാസിൻ്റെ വാക്കുകൾ.
“എനിക്ക് ഈ സിറ്റുവേഷൻ കയ്യിൽ കിട്ടിയാൽ ഞാൻ എന്ത് ചെയ്യുമെന്ന് പറയാം. ജന്തർ മന്തർ പരിസരത്ത് നാല് സ്ക്വയർ കിലോമീറ്റർ പരിസരത്ത് കർഫ്യൂ പ്രഖ്യാപിക്കും. ആളുകളോട് പിരിഞ്ഞുപോകാൻ മൂന്ന് തവണ ആവശ്യപ്പെടും. പിന്നെ വെടിവയ്ക്കും. ആളുകൾ ചിതറിയോടും, കുറേപ്പേർ മരിക്കും, കുറേപ്പേർ മരിക്കില്ല. കുറേപ്പേർക്ക് അംഗഭംഗം സംഭവിക്കും. ഏകദേശം ഒരു നാല് മണിക്കൂർ കൊണ്ട് രംഗം ശാന്തമാകും. ശവങ്ങൾ പെറുക്കി ആശുപത്രിയിലെത്തിക്കും” എന്നായിരുന്നു മോഹൻദാസിന്റെ വാക്കുകള്‍.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
