- കഠിനമായ ക്രിമിനൽ കുറ്റകൃത്യങ്ങളിൽപെടാത്ത തടവുകാർക്കാണ് മോചനം ലഭ്യമാകുന്നത്
ദമാം: വർഷത്തിലൊരിക്കൽ പെയ്തിറങ്ങുന്ന രാജകാരുണ്യത്തിൽ ജുബൈലിൽ മലയാളികൾ ഉൾപ്പെടെ നിരവധി പേർക്ക് ജയിൽ മോചനം. കഠിനമായ ക്രിമിനൽ കുറ്റകൃത്യങ്ങളിൽപെടാത്ത നാൽപത്തി ഒന്നോളം തടവുകാർക്കാണ് മോചനം ലഭ്യമാകുന്നത്. ജുബൈൽ ജയിലിലെ വ്യത്യസ്ത രാജ്യങ്ങളിലെ തടവുകാർക്ക് ഈ രാജകാരുണ്യത്തിൽ നാട്ടിലേക്ക് മടങ്ങാനാകും. ഇതിൽ പതിനൊന്നോളം ഇന്ത്യൻ തടവുകാരും ഉൾപ്പെടും.
ശിക്ഷാകാലാവധി കഴിഞ്ഞ മറ്റ് ചില മലയാളികളടക്കം പതിനഞ്ചോളം ഇന്ത്യക്കാർക്ക് താമസിയാതെ നാടണയാൻ അവസരം ലഭിച്ചിരിക്കയാണ്. ഇതിൽ ആറോളം പേർ പാസ്പോർട്ട് ഇല്ലാത്തവരും കാലാവധി തീർന്നവരുമായതിനാൽ ഔട്ട് പാസിന്ന് അപേക്ഷിക്കാനുള്ള രേഖകൾ തയാറാക്കാനായി ഇന്ത്യൻ എംബസിയുടെ ജുബൈലിലെ സാമൂഹ്യ പ്രവർത്തകനും പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കോഡിനേറ്ററുമായ സൈഫുദ്ദീൻ പൊറ്റശ്ശേരി രംഗത്തുണ്ട്. ഇവരുടെ ലഭ്യമായ രേഖകൾ തയാറാക്കി ഇന്ത്യൻ എംബസിയിലേക്കയച്ചിട്ടുണ്ട്. എംബസിയിൽ നിന്ന് രേഖകൾ ലഭ്യമാകും മുറക്ക് ഔട്പാസ് ലഭിക്കുന്നതോടെ ഇവർക്ക് ജയിൽ മോചനം സാധ്യമാകും.
ജയിൽ മേധാവിയടക്കം മറ്റു ജയിലധികൃതരും ചേർന്ന് തടവുകാരുടെ യാത്രാ നടപടികൾക്ക് അനിവാര്യമായ രേഖകൾ തയാറാക്കാനായി ആത്മാർത്ഥമായ ശ്രമം നടത്തുന്നുവെന്നതും തികച്ചും അഭിനന്ദനാർഹമാണെന്നും കാലതാമസം കൂടാതെ ഔട്ട് പാസ് ശരിയാക്കി അയക്കാനുള്ള ഇന്ത്യൻ എംബസിയുടെ സഹകരണവും പ്രത്യേകം എടുത്ത് പറയേണ്ടതാണെന്നും സൈഫുദ്ദീൻ പൊറ്റശ്ശേരി മലയാളം പ്രസിനോട് പറഞ്ഞു. അതേസമയം, കുറ്റകൃത്യങ്ങളിൽ പെടുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിക്കുന്നത് ആശങ്കക്കിടയാക്കുന്നുണ്ട്. വ്യത്യസ്ത കേസുകളിൽ പെട്ട നൂറ്റിപത്തൊമ്പതോളം ഇന്ത്യക്കാരാണ് ജുബൈൽ ജയിലിൽ മാത്രം കഴിയുന്നത്. ഇതിൽ അൻപത് ശതമാനത്തോളം മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട തടവുകാരാണ് എന്നതും ഗൗരവമേറ്റുന്നതാണ്. ഇവരുടെ കണക്കുകൾ അടക്കമുള്ള വിശദമായ റിപ്പോർട്ട് ഉടൻ മലയാളം പ്രസ്സ് പ്രസിദ്ധീകരിക്കുന്നതാണ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
