ബംഗലുരു: ബലാത്സംഗക്കേസില്‍ കുറ്റകൃത്യം തടയാന്‍ പ്രതിയുടെ കൈയ്യും കാലും വെട്ടിമാറ്റണമെന്ന് പ്രതികരിച്ച് ഹൈക്കോടതി ജഡ്ജി. ഇന്ത്യയില്‍ ബലാത്സംഗ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള ഫലപ്രദമായ മാര്‍ഗ്ഗം ചില പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ചെയ്യുന്നതുപോലെ കുറ്റവാളികളുടെ കൈകാലുകള്‍ വെട്ടിമാറ്റുന്നതാണെന്നും പറഞ്ഞു. സംഭവം വിവാദത്തിന് തിരികൊളുത്തി. ബലാത്സംഗക്കേസില്‍ പ്രതിയായ 23 കാരനായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ ജാമ്യാപേക്ഷ നിഷേധിച്ചുകൊണ്ട് സംസാരിക്കവെയായിരുന്നു ജഡ്ജിയുടെ ഈ പരാമര്‍ശം. ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ആര്. നടരാജ് ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. ഏപ്രില്‍ ആദ്യം അറസ്റ്റിലായ ഈ വിദ്യാര്‍ത്ഥി, 2023 സെപ്റ്റംബറില്‍ തന്റെ മുന്‍ സഹപാഠിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. സംഭവത്തില്‍ ഹൈക്കോടതി കര്‍ണാടക സര്‍ക്കാരിന് നോട്ടീസ് അയക്കുകയും കേസ് അടുത്ത വാദത്തിനായി ജൂണ്‍ 8-ലേക്ക് മാറ്റുകയും ചെയ്തു.
‘കുറ്റവാളികളെ നമ്മള് കര്‍ശനമായി നേരിടാത്തതിനാല്‍ നിയമത്തിന്റെ പല്ലുകള്‍ കൊഴിഞ്ഞുപോയിരിക്കുകയാണ്. ഒരു കാലോ കയ്യോ വെട്ടിമാറ്റിയാല്‍, നിയമം അനുസരിക്കാന്‍ ആളുകള്‍ ഒരുപക്ഷേ തയാറായേക്കും. നമുക്ക് ഇവിടെ ജനാധിപത്യം ഉള്ളതുകൊണ്ട് എല്ലാവരും അത് ചൂഷണം ചെയ്യുകയാണ്.’ ജസ്റ്റിസ് നടരാജ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കുറ്റവാളികളെ കര്‍ശനമായി നേരിടാത്തതിനാല്‍ കുറ്റകൃത്യങ്ങള്‍ വളരെ ‘ലഘുവായി’ ചെയ്യപ്പെടുകയാണെന്ന് കൂട്ടിച്ചേര്‍ത്ത അദ്ദേഹം, ചില പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ ശിക്ഷാ രീതികളുമായി ഇതിനെ താരതമ്യം ചെയ്യുകയും ചെയ്തു. 2023 സെപ്റ്റംബര്‍ 12-ന് നടന്ന സംഭവത്തില്‍ അതിജീവിതയുടെ സഹപാഠിയായിരുന്ന പ്രതി, തന്റെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
അതിജീവിത ആദ്യം ദേശീയ വനിതാ കമ്മീഷനെ സമീപിച്ച ശേഷമാണ് പോലീസില്‍ ഔദ്യോഗികമായി പരാതി നല്‍കിയത്. ഏപ്രില്‍ ആദ്യം മുതല്‍ പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. താന്‍ ചെയ്യാത്ത കുറ്റത്തിന് വിദ്യാര്‍ത്ഥി ഇതിനകം രണ്ട് മാസത്തോളം ജയിലില്‍ കഴിഞ്ഞുവെന്നും ആരോപിക്കപ്പെടുന്ന സംഭവത്തിന് ഏതാണ്ട് മൂന്ന് വര്‍ഷത്തെ പഴക്കമുണ്ടെന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍ ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കട്ടെ എന്നായിരുന്നു ജഡ്ജിയുടെ പ്രതികരണം. അവന് അഞ്ചാറ് ദിവസം കൂടി ജയിലില്‍ കിടക്കട്ടെ. ജയില്‍ ജീവിതവുമായി അവന് പൊരുത്തപ്പെടട്ടെ എന്നും പറഞ്ഞു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
