ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നില്ല, വയറ്റില്‍ കൊഴുപ്പടിഞ്ഞതാണെന്ന് കരുതിയെന്ന് യുവതി; കുഞ്ഞിനെ വേണ്ടെന്ന് വെച്ചാണ് പുറത്തേക്ക് എറിഞ്ഞത്

malayalampress
1 Min Read
  • എറണാകുളത്ത് പഠനത്തിനൊപ്പം ജോലി ചെയ്തുവരുന്ന യുവതിക്ക് അവിടെവെച്ച് പരിചയപ്പെട്ട ഇതര സംസ്ഥാനക്കാരനായ യുവാവുമായി അടുപ്പമുണ്ടായിരുന്നു

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രസവിച്ചയുടന്‍ കുഞ്ഞിനെ ശുചിമുറിയുടെ ജനാലയിലൂടെ പുറത്തേക്കെറിഞ്ഞ സംഭവത്തില്‍ പത്തൊമ്പതുകാരിയായ യുവതിയുടെ മൊഴി പുറത്തുവന്നു. കുഞ്ഞിനെ വേണ്ടെന്ന് യുവതി ആലപ്പുഴ ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി(സി.ഡബ്ല്യു.സി)യെ അറിയിച്ചു. താന്‍ ഗര്‍ഭിണിയാണെന്ന് അറിയില്ലായിരുന്നെന്നും വയറ്റില്‍ കൊഴുപ്പ് അടിഞ്ഞതാണെന്നാണ് കരുതിയതെന്നും യുവതി പറഞ്ഞു. എറണാകുളത്ത് പഠനത്തിനൊപ്പം ജോലി ചെയ്തുവരികയാണ്. അവിടെവെച്ച് പരിചയപ്പെട്ട ഇതര സംസ്ഥാനക്കാരനായ യുവാവുമായി അടുപ്പമുണ്ടായിരുന്നു.
എന്നാല്‍ അടുത്തകാലത്തായി അയാളുമായി ബന്ധമില്ല. താന്‍ ഗര്‍ഭിണിയായതും പ്രസവിച്ചതുമൊന്നും അയാള്‍ അറിഞ്ഞിട്ടുണ്ടാകില്ലെന്നാണു യുവതിയുടെ മൊഴി. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് യുവതി. യുവതിയുടെ മാതാവ് മാനസികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയിലാണ്. അച്ഛനും അനുജത്തിയും വീട്ടിലുണ്ട്. മൂന്നുമാസമായി യുവതിയും വീട്ടില്‍ തന്നെയുണ്ടായിരുന്നു. യുവതി ആശുപത്രി വിടുന്നതോടെ കുഞ്ഞിനെ ആലപ്പുഴയിലെ ശിശുവിഹാറിലേക്ക് മാറ്റും.
അവിടെ അറുപത് ദിവസം പരിചരിക്കും. ഈ സമയം വരെ കുഞ്ഞിനെ മാതാവിന് വേണമെങ്കില്‍ കൊണ്ടുപോകാം. സമയപരിധി കഴിഞ്ഞാല്‍ ശിശുക്ഷേമസമിതി ഏറ്റെടുക്കും. അതുകഴിഞ്ഞാല്‍ അമ്മയ്ക്ക് അവകാശമുന്നയിക്കാനാകില്ല. കുഞ്ഞിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സി.ഡബ്ല്യു.സി അധികൃതര്‍ അറിയിച്ചു. ഇതുസംബന്ധിച്ച് ചൈല്‍ഡ് ലൈന്‍ വഴി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് വയറുവേദനയ്ക്ക് ഹരിപ്പാട് ഗവ. ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ യുവതി ശുചിമുറിയില്‍ പ്രസവിക്കുകയും നവജാതശിശുവിനെ ജനാല വഴി പുറത്തേക്കിടുകയും ചെയ്തത്. കരച്ചില്‍ കേട്ടെത്തിയ ആശുപത്രി ജീവനക്കാരാണു പെണ്‍കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിന് അടിയന്തര ചികിത്സ നല്‍കിയതിന് ശേഷം അമ്മയ്‌ക്കൊപ്പം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെ പേരില്‍ വധശ്രമത്തിനു കേസെടുത്തിട്ടുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article