പത്തനംതിട്ട: എം ബി ബി എസിന് സീറ്റ് തരപ്പെടുത്തി തരാമെന്ന് പറഞ്ഞു കബളിപ്പിച്ച് പണം തട്ടിയ സംഭവത്തില്‍ 19.60 ലക്ഷം രൂപ വാദിക്ക് നല്കാന് പത്തനംതിട്ട ജില്ലാ ഉപഭോക്തൃ കോടതി വിധി.
വടശ്ശേരിക്കര തടിയില്‍ റിനോ ടി ജോണ്‍, കുമ്പളാംപൊയ്ക നിരയന്നൂര്‍ ബിനു മാത്യു, വടശ്ശേരിക്കര തടിയിര്‍ തോമസ് ടി ജോണ്‍, തടിയില്‍ മിനി രാജു, കര്‍ണാടക മംഗലാപുരം ശ്രീനിവാസ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ അഡ്മിനിസ്ട്രേഷന് മാനേജര്‍ രാജലക്ഷ്മി എന്നിവരാണ് പണം നല്‍കേണ്ടത്. പ്രതികളില്‍ രാജലക്ഷ്മി ഒഴികെയുള്ളവര്‍ ബന്ധുക്കളാണ്.
വെച്ചൂച്ചിറ നവോദയ വിദ്യാലയത്തില്‍ സ്റ്റാഫ് നഴ്സായിരുന്ന മംമ്ത സാഹു നല്കിയ പരാതിയിലാണ് പത്തനംതിട്ട ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ നടപടി. ബി എസ് സിക്ക് പഠിച്ചുകൊണ്ടിരുന്ന മംമ്ത സാഹുവിന്റെ മകള്‍ക്ക് എം ബി ബി എസിന് ശ്രീനിവാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ 2024 ബാച്ചിലേക്ക് അഡ്മിഷന് വാങ്ങി നല്‍കാമെന്നും കോഴ്സ് ഫീസായി 66 ലക്ഷം രൂപയാകുമെന്നും റിനോ ടി രാജന് പറഞ്ഞ് വിശ്വസിപ്പിച്ചു.
ഈ ഉറപ്പിന്മേല് വടശ്ശേരിക്കര ഫെഡറല്‍ ബേങ്കിലേക്ക് മംമ്ത സാഹു തന്റെയും ഭര്‍ത്താവ് ആര് സി സാഹുവിന്റേയും അക്കൗണ്ടുകളില്‍ നിന്ന് 18.50 രൂപ ലക്ഷം റിനോ ടി രാജന് നല്കി. എന്നാല്‍, പ്രവേശന നടപടികളുമായി ബന്ധപ്പെട്ട യാതൊരു വിവരവും ലഭിക്കാതെ വന്നതോടെ റിനോയെ വിളിച്ചതിനെ തുടര്‍ന്ന് മാനേജര്‍ രാജലക്ഷ്മി സ്ഥാപനത്തിലെ ഒരു അലോട്ട് മെമ്മോ നല്കി. മെമ്മോ കിട്ടിയതിനുശേഷം സ്ഥാപനത്തില്‍ അന്വേക്ഷണം നടത്തിയപ്പോള്‍ പണമടച്ച് സീറ്റ് ബുക്ക് ചെയ്യണമെന്നും നിങ്ങള്‍ക്ക് വേണ്ടി ആരും സീറ്റ് ബുക്ക് ചെയ്തിട്ടില്ലെന്നും പറഞ്ഞു.
മംമ്തയും ഭര്‍ത്താവും കോളജില്‍ നേരിട്ട് ചെന്ന് അന്വേഷിച്ചപ്പോള്‍ ഇങ്ങനെ ഒരു അഡ്മിഷന്റെ കാര്യം അറിയില്ലെന്നും നിങ്ങള്‍ക്ക് കിട്ടിയ അലോട്ട്മെന്റ് മെമ്മോ ഞങ്ങള്‍ നല്‍കിയതല്ലെന്നും ഇത് വ്യാജമായി നിര്‍മിച്ചതാണെന്നും അറിഞ്ഞു. തുടര്‍ന്ന് റിനോയെ വിളിച്ചപ്പോള്‍ നിങ്ങള്‍ക്ക് ഇനി അടുത്ത വര്‍ഷമേ അഡ്മിഷന് കിട്ടുകയുള്ളൂവെന്നും വാങ്ങിയ പണം തിരികെ നല്‍കാമെന്നും പറഞ്ഞിരുന്നു.
എന്നാല്‍ നീറ്റ് പരീക്ഷയില്‍ ഉന്നത മാര്‍ക്കുണ്ടായിരുന്ന പരാതിക്കാരിയുടെ മകള്‍ എം ബി ബി എസിന് അഡ്മിഷന് ലഭിക്കുമെന്ന ഉറപ്പിന്മേല് ബി എസ് സി പഠനം ഉപേക്ഷിച്ചിരുന്നു. ഇതോടെ കുട്ടിക്ക് ഒരു വര്‍ഷം നഷ്ടമായതായും മനോവിഷമവും സാമ്പത്തിക നഷ്ടവും മാനഹാനിയും ഉണ്ടായതായും കാട്ടിയാണ് പരാതി നല്‍കിയത്.
കോടതിയില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ ഒന്ന് മുതല്‍ നാല് വരെ കക്ഷികള്‍ ഹരജിക്കാരിയോട് പണം വാങ്ങിയിട്ടും മകള്‍ക്ക് അഡ്മിഷന് വാങ്ങി നല്‍കിയിട്ടില്ലെന്ന് കണ്ടെത്തി. വീഴ്ചയുണ്ടായതിനാല്‍ മംമ്ത സാഹുവിനോട് വാങ്ങിയ 18.50 ലക്ഷം രൂപയും നഷ്ടപരിഹാരമായി 1,00,000 രൂപയും, കോടതി ചെലവായി 10,000 രൂപയും ചേര്‍ത്ത് 19.60 ലക്ഷം രൂപ പ്രതികള്‍ നല്‍കണമെന്ന് കൊടുക്കാന്‍ കമ്മീഷന് പ്രസിഡന്റ് ബേബിച്ചന് വെച്ചുച്ചിറയും അംഗം നിഷാദ് തങ്കപ്പനും ചേര്‍ന്ന് ഉത്തരവിടുകയായിരുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
