വൃക്കവിൽപനയ്ക്ക് മുംബൈ സ്വദേശിയെ ‘സഹോദരനാ’ക്കി; മായ റാക്കറ്റിലെ മുഖ്യകണ്ണിയെന്ന് പോലീസ്

News Desk
1 Min Read

കൊച്ചി: വ്യാജരേഖ ചമച്ച്‌ അവയവവിൽപ്പന നടത്തിയ കേസിൽ കഴിഞ്ഞദിവസം അറസ്‌റ്റിലായ കോട്ടയം വാഴൂർ പുളിക്കൽക്കവല വളയിൽ വീട്ടിൽ എം മായ (48) റാക്കറ്റിലെ മുഖ്യകണ്ണിയെന്ന്‌ പൊലീസ്‌. ഇവർവഴി ഇതരസംസ്ഥാനങ്ങളിലെ നിരവധി പേർ അവയവവിൽപ്പന നടത്തി. ഇവരെ മായയുമായി ബന്ധപ്പെടുത്തിയ ഏജന്റിനെക്കുറിച്ചും വിവരം ലഭിച്ചു. അധികം വൈകാതെ പിടിയിലാകുമെന്നും പൊലീസ്‌ വ്യക്തമാക്കി.

റാക്കറ്റിലെ മുഖ്യസൂത്രധാരനായ മുഹമ്മദ്‌ നജീബിനെ തിങ്കളാഴ്‌ച കൊച്ചി സിറ്റി പൊലീസിന്‌ കസ്‌റ്റഡിയിൽ ലഭിച്ചേക്കും. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ റാക്കറ്റിനെക്കുറിച്ച്‌ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്‌ അന്വേഷകസംഘം. നിലവിൽ ഏഴുപേരാണ് പിടിയിലായിട്ടുള്ളത്.

മായ വ്യാജരേഖ നിർമിച്ചതായാണ്‌ കണ്ടെത്തൽ. മുംബൈയിൽനിന്ന്‌ വൃക്ക ആവശ്യപ്പെട്ട്‌ എത്തിയയാളുടെ പേര്‌ തന്റെ റേഷൻ കാർഡിൽ ഉൾപ്പെടുത്തി സഹോദരനാണെന്ന്‌ വ്യാജരേഖ നിർമിക്കുകയായിരുന്നു. ഇങ്ങനെ രേഖ നിർമിച്ചതിന്‌ മുഖ്യപ്രതി നജീബ്‌, മായയ്‌ക്ക്‌ 25,000 രൂപ നൽകിയതായി കണ്ടെത്തി. അവയവദാനത്തിന്‌ അനുമതി നേടാൻ ജില്ലാ ലെവൽ ഓതറൈസേഷൻ കമ്മിറ്റിക്കുമുന്നിൽ മായ തെറ്റായ വിവരങ്ങൾ സമർപ്പിച്ചതായും കണ്ടെത്തി. മായയെ ചോദ്യംചെയ്‌തശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്‌തു.

​മുഖ്യപ്രതി മുഹമ്മദ്‌ നജീബിന്റെ ബാങ്ക്‌ അക്ക‍ൗണ്ട്‌ വിവരങ്ങൾ പരിശോധിക്കുകയാണ്‌. ഇയാളുടെ പ്രധാന അക്ക‍ൗണ്ട്‌ കാക്കനാടാണെന്ന്‌ അന്വേഷകസംഘം സ്ഥിരീകരിച്ചിരുന്നു. ഇ‍ൗ അക്ക‍ൗണ്ടിലൂടെ കോടികളുടെ ഇടപാട്‌ നടന്നതായാണ്‌ കണ്ടെത്തൽ. അക്ക‍ൗണ്ടുമായി ബന്ധപ്പെട്ട ഇടപാടുകൾ വിശദമായി പരിശോധിക്കുന്നുണ്ട്‌. മുഹമ്മദ്‌ നജീബിന്റെ മറ്റ്‌ ബാങ്ക്‌ അക്ക‍ൗണ്ടുകളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്‌.

റിമാൻഡിലുള്ള മുഹമ്മദ്‌ നജീബിനെയും ഭാര്യ റഷീദയെയും വീണ്ടും കസ്റ്റഡിയിലെടുത്ത്‌ ചോദ്യംചെയ്യും. നജീബിന്റെ സാന്പത്തിക ഇടപാടുകളും ഫോൺവിളികളും പരിശോധിച്ചതിൽനിന്ന്‌ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കുമിത്‌.

​മുഹമ്മദ്‌ നജീബിന്റെ നേതൃത്വത്തിലുള്ള അവയവ വിൽപ്പന റാക്കറ്റ്‌ അഞ്ചുവർഷമായി സജീവമായിരുന്നതായാണ്‌ കണ്ടെത്തൽ. ഇതുവരെ നാൽപ്പതോളം അവയവമാറ്റം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്‌.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!