ചെന്നൈ: ദ്രാവിഡ പാർട്ടികൾ മാറിമറിഞ്ഞ് ഭരിച്ച തമിഴ്നാട് രാഷ്ട്രീയത്തിൽ ചരിത്രപരമായ വഴിത്തിരിവ്. നീണ്ട 59 വർഷത്തെ ഇടവേളയ്ക്ക് ശേഷം കോൺഗ്രസ് തമിഴ്നാട്ടിൽ ഭരണത്തിന്റെ ഭാഗമാകുന്നു. നടൻ വിജയ് നയിക്കുന്ന പുതിയ മന്ത്രിസഭയിൽ രണ്ട് കോൺഗ്രസ് പ്രതിനിധികൾ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
കോൺഗ്രസ് എം.എൽ.എമാരായ അഡ്വ. രാജേഷ് കുമാർ, പി. വിശ്വനാഥ് എന്നിവരാണ് മന്ത്രിമാരായി ചുമതലയേൽക്കുന്നത്. ഇരുവരുടെയും സത്യപ്രതിജ്ഞയ്ക്ക് എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ അംഗീകാരം നൽകിയതായി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. സമൂഹമാധ്യമമായ എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.
“ഇതൊരു ചരിത്ര നിമിഷമാണ്. 59 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കോൺഗ്രസ് തമിഴ്നാട് മന്ത്രിസഭയുടെ ഭാഗമാകുന്നത്. രാഹുൽ ഗാന്ധിയുടെ ജനക്ഷേമ നയങ്ങളും കാഴ്ചപ്പാടുകളും തമിഴ്നാട്ടിൽ നടപ്പിലാക്കാൻ പുതിയ മന്ത്രിമാർക്ക് സാധിക്കുമെന്ന് ഉറപ്പുണ്ട് “എന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.
ഡി.എം.കെ നേതൃത്വം നൽകിയ സെക്യുലർ പ്രോഗ്രസീവ് അലയൻസിന്റെ (മതേതര പുരോഗമന സഖ്യം) ഭാഗമായാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ, തെരഞ്ഞെടുപ്പിൽ വിജയിയുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന് (ടി.വി.കെ) കേവല ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ കോൺഗ്രസ് അപ്രതീക്ഷിത നീക്കത്തിലൂടെ വിജയിക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. മത്സരരംഗത്തുണ്ടായിരുന്ന അഞ്ച് സീറ്റുകളിലും കോൺഗ്രസ് വിജയിച്ചിരുന്നു. നേരത്തെ ഡി.എം.കെ സഖ്യത്തിന്റെ ഭാഗമായിരുന്ന ഇടതുപക്ഷ പാർട്ടികളും വിജയ് സർക്കാരിന് പുറത്തുനിന്ന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനിടെ, തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ സഖ്യം വിട്ട് വിജയിയുടെ പാളയത്തിലെത്തിയ കോൺഗ്രസ് നടപടിക്കെതിരെ ഡി.എം.കെ നേതൃത്വം രംഗത്തെത്തി. കോൺഗ്രസിന്റേത് കടുത്ത വഞ്ചനയാണെന്ന് ഡി.എം.കെ രൂക്ഷമായി വിമർശിച്ചു.
തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഒരു നന്ദി പറയാൻ പോലും തയ്യാറാകാത്ത കോൺഗ്രസ്, തങ്ങളെ പിന്നിൽ നിന്ന് കുത്തുകയാണ് ചെയ്തതെന്ന് ഡി.എം.കെ നേതാക്കൾ ആരോപിച്ചു. വിജയിക്ക് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസ് എം.എൽ.എമാർ നിയമസഭയിൽ പ്രത്യേക ഇരിപ്പിടം ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുമുണ്ട്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
