‘ഭരണഘടനയെ വെട്ടാനുള്ള കുതന്ത്രം’; ക്രൈസ്തവർക്കെതിരായ കേസരിയിലെ ലേഖനം, രൂക്ഷവിമർശനവുമായി ദീപിക പത്രം

0
171

തിരുവനന്തപുരം: ക്രൈസ്തവർക്ക് എതിരെ കേസരിയിൽ വന്ന ലേഖനത്തിനെതിരെ രൂക്ഷ വിമർശനവുമായി കത്തോലിക്കാ സഭാ മുഖപത്രം ദീപിക. ലേഖനം സംഘപരിവാറിന്റെ തനിനിറം വെളിപ്പെടുത്തുന്നതാണെന്നാണ് ദീപികയുടെ വിമർശനം. ക്രൈസ്‌തവരെ ചാരി ഭരണഘടനയെ വെട്ടാനുള്ള കുതന്ത്രം ആണ് നടക്കുന്നതെന്ന് മുഖപ്രസംഗത്തിൽ പറയുന്നു.

ക്രൈസ്തവർക്കെതിരേ സംഘപരിവാർ നേതാവ്, ആർഎസ്എസ് പ്രസിദ്ധീകരണത്തിലെഴുതിയ ലേഖനം തനിനിറം വെളിപ്പെടുത്തുന്നതാണ്. സ്വാതന്ത്യസമരത്തിൽനിന്നു മാറിനിന്ന് ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിക്കൽ യന്ത്രത്തിന് എണ്ണയിട്ടുകൊടുത്ത വർഗീയ പ്രസ്ഥാനം, ഇന്നും അതേ പണി തുടരുകയാണ് എന്നും ദീപിക മുഖപ്രസംഗം പറയുന്നു. കേരളത്തിൽ ക്രൈസ്‌തവരുടെ തോളിലേക്കു കൈ നീട്ടി നിൽക്കുന്ന ബിജെപിയു ടെ മറുകൈ എവിടെയാണെന്നു മനസിലാകാത്തവർക്കും മനസിലായില്ലെന്നു നടിക്കുന്ന ഇടനിലക്കാർക്കും മതരാഷ്ട്ര-മനുസ്‌മൃതി സ്വപ്‌നങ്ങൾ തുടരാം എന്നും ദീപിക പറയുന്നു.

ക്രൈസ്തവർക്കെതിരെ കടുത്ത വിമർശനവുമായിട്ടാണ് ആർഎസ്എസ് മുഖവാരിക കേസരിയിൽ ലേഖനം പ്രസിദ്ധീകരിച്ചത്. ക്രൈസ്തവ രാജ്യം സ്ഥാപിക്കാൻ അടക്കം ശ്രമമുണ്ടെന്നാണ് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്‍റിന്‍റെ ലേഖനത്തിലെ ആരോപണം. ക്രൈസ്തവ വിഭാഗങ്ങളെ ഒപ്പം നിർത്താൻ സംസ്ഥാന ബിജെപി കിണഞ്ഞു ശ്രമിക്കുമ്പോഴാണ് കേസരിയിലെ രൂക്ഷമായ കടന്നാക്രമണം.

ഛത്തീസ് ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റിന്‍റെ പശ്ചാത്തലത്തിലെ ലേഖനത്തിലാണ് ക്രൈസ്തവ സഭക്കും സഭാനേതൃത്വത്തിനുമെതിരായ കടുത്ത ആരോപണങ്ങളും വിമർശനങ്ങളും. രാജ്യത്തെ നിയമസംഹിത മാറ്റി മതപരിവർത്തനിനുള്ള ശ്രമങ്ങളാണ് വിവിധ സംസ്ഥാനങ്ങളിൽ അരങ്ങേറുന്നതെന്നാണ് വിമർശനം. ആഗോള മതപരിവർത്തനത്തിന്‍റെ നാൾവഴികൾ എന്ന പേരിലാണ് ഹിന്ദുഐക്യ വേദി സംസ്ഥാന പ്രസിഡണ്ട് ഇഎസ് ബിജുവിന്‍റെ ലേഖനം.
.