ഹൈദരാബാദ്: തെലങ്കാനയിൽ പതിനേഴുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കേന്ദ്രമന്ത്രി ബണ്ടി സഞ്ജയ് കുമാറിന്റെ മകൻ ബണ്ടി ഭഗീരഥിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് അറസ്റ്റ്. ഇയാൾ രാജ്യം വിടാതിരിക്കാനായി ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ച് മണിക്കൂറുകൾക്കുള്ളിലാണ് പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
2025 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ പതിനേഴുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ഭഗീരഥിനെതിരെയുള്ള പരാതി. 2025 ജൂണിലാണ് ഇരുവരും പരിചയപ്പെടുന്നത്. ഇതിന് ശേഷം ഭഗീരഥ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് കുട്ടിയുടെ അമ്മയാണ് പരാതി നൽകിയത്. പോക്സോ വകുപ്പടക്കം ചുമത്തിയാണ് ഭഗീരഥിനെതിരെ പൊലീസ് കേസെടുത്തത്.
അതിനിടെ, താനാണ് മകനെ പൊലീസിൽ ഏൽപ്പിച്ചതെന്ന് പറഞ്ഞ് കേന്ദ്രമന്ത്രി സഞ്ജയ് കുമാർ പ്രസ്താവന പുറത്തിറക്കി. ‘‘എന്റെ മകനെതിരെയുണ്ടായ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ, നിയമത്തോട് ബഹുമാനമുള്ളൊരാളെന്ന നിലയിൽ മകനെ അഭിഭാഷകൻ മുഖേനെ പൊലീസ് അന്വേഷണത്തിനായി കൈമാറി.
നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ്. അത് എന്റെ മകനായാലും സാധാരണ പൗരനായാലും അങ്ങനെയാണ്’’– കേന്ദ്രമന്ത്രി സഞ്ജയ് കുമാർ പറഞ്ഞു. തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് മകൻ ആവർത്തിച്ച് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മേയ് 8നാണ് പെൺകുട്ടിയുടെ അമ്മ ഭഗീരഥിനെതിരെ പരാതി നൽകിയത്. അന്നു മുതൽ തെലങ്കാന പൊലീസ് ഇയാൾക്കായി തിരച്ചിൽ തുടങ്ങിയിരുന്നു. തെലങ്കാന ഹൈക്കോടതി കഴിഞ്ഞ ദിവസം ഭഗീരഥിന്റെ ഇടക്കാല ജാമ്യഹർജി തള്ളിയിരുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
