തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആർടിസി ബസ് സ്റ്റാൻഡിനുള്ളിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവതി ലൈംഗിക അതിക്രമത്തിന് ഇരയായ സംഭവത്തിൽ കേസെടുത്ത് പൊലീസ്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ലൈംഗികാതിക്രമത്തിന് കേസെടുത്തത്.
പ്രദേശത്തെ ലഹരി ഡീലറും ക്രിമിനൽ പശ്ചാത്തലവുമുള്ള ബ്രൂസ്ലി ഷിബുവിന് എതിരെ ആണ് കേസ് എടുത്തത്. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പ്രതിയെ തിരിച്ചറിഞ്ഞതായാണ് സൂചന. ഉടൻ തന്നെ പ്രതിയെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
കുറച്ചു ദിവസങ്ങളായി കെഎസ്ആർടിസി സ്റ്റാൻഡിൽ കണ്ടിരുന്ന സ്ത്രീയെ കാണാതായപ്പോൾ ഉദ്യോഗസ്ഥർ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. ഇതോടെയാണ് സ്റ്റാൻഡിനുള്ളിൽ വെച്ച് നടന്ന ലൈംഗികാതിക്രമം പുറം ലോകമറിഞ്ഞത്. തുടർന്ന് ഡിപ്പോ അധികൃതർ നൽകിയ പരാതിയിലാണ് പൊലീസ് നടപടി ആരംഭിച്ചത്.
സംഭവശേഷം കാണാതായ യുവതിയെ ഇന്നലെ കാട്ടാക്കട സ്റ്റാൻഡിന് സമീപത്ത് നിന്നു തന്നെ കണ്ടെത്തിയിരുന്നു. യുവതിയെ സുരക്ഷിതമായി ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷമാണ് പൊലീസ് കേസെടുത്തത്. അതേസമയം ഡിപോയിലെ സിസിടിവി ദൃശ്യം ചോർന്നതിൽ കെഎസ്ആർടിസി ആഭ്യന്തര അന്വേഷണം ആരംഭിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
