തെഹ്‌റാൻ: ഇന്ത്യൻ ബന്ധമുള്ള കപ്പൽ സർവ്‌ശക്തി ഹോർമുസ് കടലിടുക്ക് കടന്നു. ശനിയാഴ്‌ചയലാണ് 45,000 ടൺ പാചകവാതകം നിറച്ച കപ്പൽ ഹോർമുസ് കടന്നത്. മാർഷൽ ദ്വീപുകളുടെ പതാകയുള്ള കപ്പലിൽ ഇന്ത്യൻ ജീവനക്കാരാണുള്ളത്.
ശനിയാഴ്‌ച ഇറാനിലെ ലാരക്, ഖേഷ്‌മം ദ്വീപുകൾ പിന്നിട്ട് കപ്പൽ ഒമാൻ ഉൾക്കടലിലേക്ക് പ്രവേശിച്ചതായാണ് റിപ്പോർട്ടുകൾ. യുഎഇയിലെ ഗാങ്‌ടൂട്ട് തുറമുഖത്ത് നിന്നാണ് കപ്പൽ പുറപ്പെട്ടത്. ഐഒസിക്കുള്ള പാചകവാതകമാണ് കപ്പലിലെന്നാണ് റിപ്പോർട്ടുകൾ.
ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ ഉപരോധം നിലനിൽക്കുമ്പോഴും ഇന്ത്യയിലേക്ക് എണ്ണക്കപ്പലുകൾ എത്തുന്നത് തുടരുകയാണ്. ഏപ്രിൽ 13-ന് ഉപരോധം ആരംഭിച്ച ശേഷം മുപ്പതിലധികം ടാങ്കറുകൾ ഉപരോധം മറികടന്നു. ഖത്തറിൽനിന്ന് ക്രൂഡ് ഓയിലുമായി വന്ന ദേശ് ഗരിമ കപ്പൽ കഴിഞ്ഞ ദിവസം മുംബൈയിൽ അടുത്തു. ഇറാന്റെ ജലാതിർത്തിയിലൂടെ സഞ്ചരിച്ച് പാകിസ്ഥാന്റെ മക്രാൻ തീരം വഴി അന്താരാഷ്ട്ര കടലിലേക്ക് കടക്കാതെ തന്നെ ഇന്ത്യയിലേക്ക് വരാൻ സാധിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
മറ്റൊരു വഴി ഇറാൻ തീരത്തോട് ചേർന്ന് ചബഹാർ തുറമുഖം വരെ സഞ്ചരിച്ച് അവിടെ നിന്ന് നേരിട്ട് ഇന്ത്യൻ തീരത്തേക്ക് വരികയുമാണ്. അമേരിക്കൻ നാവികസേനയ്‌ക്ക് മറ്റ് രാജ്യങ്ങളുടെ ജലാതിർത്തിക്കുള്ളിൽ കയറി കപ്പലുകൾ തടയാൻ അധികാരമില്ലാത്തതാണ് ഈ നീക്കങ്ങൾക്ക് സഹായകരമാകുന്നത്. ഒമാൻ കടലിടുക്കിൽ ഇന്ത്യൻ നാവികസേന കപ്പലുകൾക്ക് സുരക്ഷ ഉറപ്പാക്കുന്നുമുണ്ട്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
