മണിപ്പൂരിൽ വ്യാജ വിഷമദ്യം കഴിച്ച് 17 പേർക്ക് ദാരുണാന്ത്യം; 200 ഓളം പേർ ആശുപത്രിയിൽ

News Desk
1 Min Read

ഇംഫാൽ: മണിപ്പൂരിൽ വ്യാജ വിഷമദ്യം കഴിച്ച് 17 പേർക്ക് ദാരുണാന്ത്യം. ചന്ദേൽ ജില്ലയിലെ ചക്പികരോങ് മേഖലയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. വിഷമദ്യം കഴിച്ചതിനെ തുടർന്ന് ആരോഗ്യനില മോശമായ 200 ഓളം പേരെ ഇംഫാലിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ മൂന്ന് ജില്ലകളിൽ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

ഇംഫാലിലെ ഷിജ, ബാബിന ആശുപത്രികളിലാണ് നിലവിൽ രോഗികൾ ചികിത്സയിൽ കഴിയുന്നത്. മുഖ്യമന്ത്രി യുംനം ഖേംചന്ദ് സിംഗ് ആശുപത്രികൾ സന്ദർശിച്ച് ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യസ്ഥിതി വിലയിരുത്തി. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ സർക്കാർ ഉത്തരവിട്ടതായും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, ദുരന്തത്തിനിടയാക്കിയതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന മദ്യം ചന്ദേൽ ജില്ലയിൽ നിർമിച്ചതല്ലെന്നും കാക്ചിംഗ് ജില്ലയിലെ സുഗ്നുവിൽ നിന്നാണ് എത്തിച്ചതെന്നും ചന്ദേൽ ജില്ലാ പൊലീസ് സൂപ്രണ്ട് പ്രത്യേക വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ജില്ലയിൽ പരമ്പരാഗത മദ്യത്തിന്റെ പ്രാദേശിക നിർമാണം നടന്നിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

സംഭവത്തിന് പിന്നാലെ മുൻകരുതൽ നടപടികളും ശക്തമാക്കിയിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രാദേശികമായി നിർമിക്കുന്ന മദ്യവും ഉറവിടം വ്യക്തമല്ലാത്ത ലഹരിപാനീയങ്ങളും ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ഡെപ്യൂട്ടി കമ്മീഷണർ പൊതുജനങ്ങളോട് അഭ്യർഥിച്ചു. പ്രത്യേകിച്ച് ദുരന്തം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിലെ സംശയാസ്പദമായ ഉറവിടങ്ങളിൽ നിന്നുള്ള മദ്യ പാനീയങ്ങൾ ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!